നവീന്‍ബാബുവിന്റെ മരണം: സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍; കേസ് ഡയറി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി

കൊച്ചി: നിലവിലെ അന്വേഷണത്തില്‍ പാളിച്ചുണ്ടായെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കേസ് ഡയറി പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്‍റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനും സിബിഐക്കും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി 12 ന് വീണ്ടും പരിഗണിക്കും.

അന്വേഷണം ഏറ്റെടുക്കാന്‍  തയ്യാറാണോയെന്ന് സിബിഐയോട് കോടതി ആരാഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷിക്കാമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ വ്യക്തമായ തെളിവ് വേണമെന്ന് ഹര്‍ജിക്കാരോട് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തയ്യാറുണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും, കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ നിലയിലാണോ പോകുന്നതെന്ന് കേസ് ഡയറി വിശദമായി പരിശോധിക്കട്ടെ. ഇതിനുശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. ഈ മാസം 12 ന് വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ഇതിനു മുമ്പ് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സിബിഐയോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.  പൊലീസ് അന്വേഷണത്തില്‍ പാളിച്ചയുണ്ടോയെന്നും, മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് കോടതിക്ക് ബോധ്യം വരേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നവീന്‍ബാബുവി ന്റേത് കൊലപാതകമാണെന്ന ആരോപണത്തിലും കോടതി ചോദ്യമുന്നയിച്ചു.

നവീന്‍ബാബുവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ബാഹ്യമായ പരിക്കുകളില്ലെന്ന് ഹര്‍ജിക്കാരിയും വ്യക്തമാക്കി. കൊലപാതകമാണെന്ന സംശയത്തില്‍, കേസില്‍ ആരോപണവിധേയയായ പി പി ദിവ്യയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഈ വാദം  ഉന്നയിക്കാതിരുന്നതെന്തെന്ന് കോടതി ചോദിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിക്കുന്നതെന്ന് കോടതി ഹര്‍ജിക്കാരിയോട് ആരാഞ്ഞു.

രാഷ്ട്രീയ സ്വാധീനം ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശമാകണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നവീന്‍ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും, അട്ടിമറിക്ക് സാധ്യതയുള്ളതിനാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് എഡിഎമ്മിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!