ഇറാൻ – അമേരിക്ക സംഘർഷം വീണ്ടും രൂക്ഷം…

ശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നു. ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിന് സമീപം സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. എർബിലിൽ ഏഴ് തവണ സ്ഫോടനശബ്ദം കേട്ടതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ നാല് ഡ്രോണുകൾ ഉപയോഗിച്ച് എർബിലിന് സമീപത്തെ ഖലിഫാൻ, സോറൻ മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാൻ പത്തിലധികം യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, ഇറാഖിലെ ഏറ്റവും വലിയ വാതക ഉൽപാദന കേന്ദ്രമായ ഖോർ മോർ ഗ്യാസ് ഫീൽഡും ആക്രമണത്തിന് ഇരയായതായി വിവരം. രാജ്യത്തിന്റെ ഊർജ വിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഈ മേഖലയിലെ ആക്രമണം ചൊവ്വാഴ്ച പുലർച്ചെ എർബിലിലുണ്ടായ ആക്രമണത്തോടൊപ്പമാണ് നടന്നതെന്ന് ഇറാഖ് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മധ്യസ്ഥ രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതെന്നും, എന്നാൽ സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു.

സമാധാനശ്രമങ്ങൾ തുടരുന്നതിനിടെയാണ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും കിഴക്കൻ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലകളെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നത്. ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും എല്ലാ ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തതായും സൗദി സൈന്യം അറിയിച്ചു.

മറ്റൊരുവശത്ത്, ചെങ്കടലിൽ സൗദിയുടെ എണ്ണക്കപ്പലിനെ മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ അവകാശപ്പെട്ടു. വടക്കൻ ഇറാഖിലെ ഇറാൻ വിരുദ്ധ കുർദ് താവളങ്ങൾക്കും തുടർച്ചയായി ഡ്രോൺ ആക്രമണം ഉണ്ടായതായി ഇറാഖ് അറിയിച്ചു. അതിർത്തിയിലേക്ക് എത്തിയ രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടതായി ജോർദാനും സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളെ തിരിച്ചയച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഇതോടെ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും ആശങ്കജനകമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!