ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്നത് ഇന്ത്യയും പരിഗണിക്കണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ഫ്രാൻസ് 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പാസാക്കിയെന്ന വാർത്ത പങ്കുവച്ചതിന് പിന്നാലെയാണ് ശ്രീധർ വെമ്പു എക്‌സിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്.
“ചെറിയ കുട്ടികൾക്കായി ഇന്ത്യയും സോഷ്യൽ മീഡിയ നിരോധിക്കണം. കുട്ടികൾ ഭൗതിക പുസ്തകങ്ങൾ വായിക്കുകയും സൂര്യപ്രകാശത്തിൽ മണ്ണിൽ കളിക്കുകയും സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിക്കുകയും വേണമെന്നാണ് എന്റെ വിശ്വാസം,” വെമ്പു കുറിച്ചു. കുട്ടികൾക്കായുള്ള സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരുന്നു. 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും, ഇത് ഫലപ്രദമായി നടപ്പാക്കാനാകുമോ എന്നതിനെക്കുറിച്ച് ചർച്ചകൾ തുടരുകയാണ്. നിരവധി കൗമാരക്കാർ ഇപ്പോഴും വിവിധ മാർഗങ്ങളിലൂടെ സോഷ്യൽ മീഡിയ ഉപയോഗം തുടരുന്നതായാണ് റിപ്പോർട്ടുകൾ. അമിതമായ സ്‌ക്രീൻ സമയം, സോഷ്യൽ മീഡിയയുടെ ആസക്തി സൃഷ്ടിക്കുന്ന അൽഗോരിതങ്ങൾ, ഓൺലൈൻ സുരക്ഷ, കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് വിവിധ സർക്കാരുകളെ നിയന്ത്രണ നടപടികളിലേക്ക് നയിക്കുന്നത്. അതേസമയം, ശ്രീധർ വെമ്പുവിന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവച്ചത്. കുട്ടികളെ ദോഷകരമായ ഓൺലൈൻ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, പൂർണ നിരോധനം ശരിയായ പരിഹാരമാണോ എന്ന് ചിലർ ചോദിച്ചു.
സോഷ്യൽ മീഡിയയുടെ ദോഷകരമായ സ്വാധീനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നത് ആവശ്യമാണ്. എന്നാൽ ഡിജിറ്റൽ സാക്ഷരതയും പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണങ്ങളും കൂടുതൽ പ്രായോഗിക പരിഹാരങ്ങളാകാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഫ്രാൻസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതായി ചൂണ്ടിക്കാട്ടിയ ഒരു പോസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫ്രാൻസിൽ പാസാക്കിയ നിയമം 2027 മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പ്രായപരിശോധന നിർബന്ധമാകും. അതേസമയം, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളിൽ ആസക്തിയും മാനസികാരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കാമെന്നും യഥാർഥ ജീവിത അനുഭവങ്ങളിലേക്കും പഠനത്തിലേക്കും കുട്ടികളെ തിരിച്ചുകൊണ്ടുവരേണ്ട തുണ്ടെന്നും വെമ്പുവിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടി.
കുട്ടികൾ പുസ്തകം വായിക്കട്ടെ, മണ്ണിൽ കളിക്കട്ടെ… സോഷ്യൽ മീഡിയയ്ക്ക് പ്രായപരിധി വേണമെന്ന്…
