വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

ബെംഗളൂരു : കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി, അദ്ദേഹത്തിന്റെ മകളും ചിക്മഗളൂരു മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ പ്രിയങ്ക ജാർക്കിഹോളി എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത പരിശോധന ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ബംഗളൂരു ഡോളേഴ്‌സ് കോളനിയിലെ മന്ത്രിയുടെ വസതി അടക്കം വിവിധ ജില്ലകളിലായി പതിനെട്ടോളം കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ സുരക്ഷാ അകമ്പടിയോടെയാണ് അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തിയത്.

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തിയെന്ന ആരോപണത്തിലും മുൻപ് നടന്ന സാമ്പത്തിക ക്രമക്കേടുകളിലുമാണ് ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്. ജാർക്കിഹോളിയുടെ സഹോദരീ ഭർത്താവും മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥനുമായ വൈ മഞ്ജുനാഥിന്റെ ബെളഗാവിയിലെ വസതിയിലും അടുത്ത അനുയായികളുടെ കേന്ദ്രങ്ങളിലും നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റെയ്ഡുകൾ നടക്കുന്നത്.

പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും ജനപ്രതിനിധികളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. പരിശോധന നടക്കുന്ന കേന്ദ്രങ്ങളിൽ ബാങ്ക് രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് ഇഡി വൃത്തങ്ങൾ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!