സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിന് സിപിഐഎമ്മിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി : സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിന് സിപിഐഎമ്മിന്റെ മുന്നറിയിപ്പ്.  ഇഡിയുടെ ഏജന്റായി സതീശൻ  സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് പോളിറ്റ്ബ്യൂറോ.

എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ പശ്ചാത്തലത്തിൽ ആണ് മുന്നറിയിപ്പ്. മൂന്ന് കോടതികൾ തള്ളിയ കേസിലാണ് ഇഡിയുടെ പുതിയ  നീക്കം. പിണറായിക്കെതിരെ കേസ് എടുക്കരുത്. രാഷ്ട്രീയ വേട്ടയാടലിനെ എന്ത് വിലക്കൊടുത്തും  രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സിഎംആർഎൽ-എക്‌സാലോജിക് പണമിടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എന്നിവരുടെ പേരിൽ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കൊച്ചി മേധാവി കത്ത് നൽകിയിരുന്നു. ഈ കത്ത് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന. ഇഡി നടപടിയെ ശക്തമായി അപലപിക്കുന്ന തായും പിബി അറിയിച്ചു.

വീണയ്ക്കെതിരെയുള്ള അന്വേഷണം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ലക്ഷ്യമിടാനുള്ള ഒരു മറ മാത്രമാണെന്ന് തുടക്കം മുതൽ വ്യക്തമായതാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണിത്.

കെപിസിസി പ്രസിഡന്റ് ഇഡി നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള തങ്ങളുടെ പല നേതാക്കൾക്കുമെതിരായ ഇഡി നടപടികളെ ഇതേ കോൺഗ്രസ് തന്നെ എതിർക്കുകയും ചെയ്യുന്നുണ്ടെന്നും പോളിറ്റ്ബ്യൂറോയുടെ  പറയുന്നു.

‘പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരു കോൺഗ്രസ് എം.എൽ.എ നേരത്തെ വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും ഒടുവിൽ സുപ്രീംകോടതിയെയും സമീപിച്ചിരുന്ന കാര്യം ഓർക്കണം. എന്നാൽ, ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ഹർജി കോടതികൾ തള്ളിക്കളയുകയാണുണ്ടായത്.

ഇപ്പോൾ വീണ്ടും കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുന്നത് ഇതേ കേസ് തന്നെയാണ്. ഇഡിയുടെ ഏജന്റായി പ്രവർത്തിക്കരുതെ ന്ന് സതീശൻ സർക്കാരിന് പോളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു. ഈ രാഷ്ട്രീയ പകപോക്കലിനെ രാഷ്ട്രീയമായും നിയമപരമായും സർവ്വ ശക്തിയുമു പയോഗിച്ച് പാർട്ടി നേരിടും’ പിബിയുടെ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!