തിരുവനന്തപുരം : സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി. കെ. ശ്രീമതി ടീച്ചർക്കെതിരെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വ്യാജവാർത്ത നിർമ്മിച്ചു നൽകിയ മാധ്യമങ്ങളുടെ നടപടി ക്രൂരവും തിരുത്താനാകാത്ത തെറ്റുമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ജയരാജൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഭർത്താവിന്റെ പേരുപോലും തെറ്റായി ചിത്രീകരിച്ച് ഒരു സ്ത്രീയുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും പരസ്യമായി അധിക്ഷേപിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്ന് ചില മാധ്യമങ്ങളുടെ പേരെടുത്ത് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മാന്യത ഉറപ്പുവരുത്താൻ ബാധ്യതയുള്ള സർക്കാരാണ് ഭരിക്കുന്നതെങ്കിൽ, ഐടി നിയമപ്രകാരം ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ അടിയന്തരമായി കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘ഏതൊരു സ്ത്രീക്കും അന്തസുണ്ട്. അതിനെയാണ് ജനം ടിവിയും മറ്റ് ഓൺലൈൻ മാധ്യമങ്ങളും ചില പത്രങ്ങളും അപമാനിച്ചത്. പി ആർ കൃഷ്ണൻ രണ്ടാം കേരള നിയമസഭയിൽ എംഎൽഎ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി പെൻഷൻ വാങ്ങി. എന്നാൽ അത് മുൻ മന്ത്രി പി കെ ശ്രീമതിയാണെന്ന വ്യാജ വാർത്ത നൽകിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഒരു വ്യക്തിയെ കുറിച്ച് വാർത്ത നൽകണമെങ്കിൽ, അവരോട് നിജസ്ഥിതി അറിയാനുള്ള മര്യാദ കാട്ടണം. ആ മര്യാദ കാട്ടിയിരുന്നെങ്കിൽ ഇ ദാമോദരൻ മാസ്റ്ററുടെ ഭാര്യയായ പി കെ ശ്രീമതി ടീച്ചർ പി ആർ കൃഷ്ണന്റെ ഭാര്യയാകുമായിരുന്നില്ലെ’ന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തന്നെക്കാൾ മികച്ച നേതാവാണെന്നും അദ്ദേഹം പാർട്ടി ജില്ലാ സെക്രട്ടറിയായപ്പോൾ നാട്ടിലെ ചില മാധ്യമങ്ങൾ വ്യക്തിപരമായി അദ്ദേഹത്തെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ നൽകിയെന്നും എം വി ജയരാജൻ പ്രതികരിച്ചു. ‘പണമില്ലാത്ത കുടുംബത്തിലെ അംഗമായ രാഗേഷ് പഠിക്കാൻ വേണ്ടി അധ്വാനിച്ച് പണമുണ്ടാക്കിയാണ് പഠിക്കാൻ പോയത്. മികച്ച പാർലമെന്റേറിയനായി. ശ്രദ്ധിക്കപ്പെട്ട നിരവധി സ്വകാര്യ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുകയും പ്രമേയങ്ങൾ കൊണ്ടുവരികയും ചെയ്തു. ഏറ്റവും മികച്ച ഒരു വ്യക്തിക്കെതിരെ പല വാർത്തകളും വന്നുവെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. തിരുത്തേണ്ടത് കമ്മ്യൂണിസ്റ്റുകാർ തിരുത്തുക തന്നെ ചെയ്യുമെന്നും’ അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ അക്രമ സംഭവത്തിലും എം വി ജയരാജൻ പ്രതികരിച്ചു. ‘പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനും ടി പുരുഷോത്തമൻ അടക്കമുള്ളവർക്ക് യുഡിഎഫ് പൊലീസ് നടപടി തൃപ്തിയല്ലെന്ന് തോന്നുകയും അതിനെതിരെ സമരം നടത്തുകയും ചെയ്യേണ്ടി വരുന്നു. ഏറെ വിവാദമായ സംഭവമായിരുന്നു പത്ത് പതിനഞ്ച് വർഷം പഴക്കമുള്ള ഒരു ഇരുചക്ര വാഹനം കത്തിച്ച സംഭവം. അവിടുത്തെ എൽഡിഎഫ് സംഭവത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് നിവേദനം നൽകിയിട്ടുണ്ട്. ഇതിന് ആഭ്യന്തരമന്ത്രിയാണ് മറുപടി പറയേണ്ടത്. പൊലീസിന്റെ നടപടി തൃപ്തികരമല്ലെന്ന് യുഡിഎഫ് എംഎൽഎയ്ക്ക് പറയേണ്ടി വന്നു. ആഭ്യന്തര മന്ത്രിക്ക് പിന്തുണ നൽകിയ പയ്യന്നൂർ എംഎൽഎക്ക് പൊലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധിക്കേണ്ടി വന്നത് ദുര്യോഗമാണെ ന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ കണ്ടങ്കാളിയിലെ തന്റെ ചെമ്മീൻ ഷെഡ് കത്തിച്ചത് മുൻ എംഎൽഎ ടി ഐ മധുസൂദനനാണെന്നാണ് ടി പുരുഷോത്തമന്റെ ആരോപണം. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ മുന്നിൽ ടി പുരുഷോത്തമൻ നടത്തിയ കുത്തിയിരിപ്പ് സമരത്തിന് വി കുഞ്ഞികൃഷ്ണൻ ഐക്യദാർഢ്യം അറിയിച്ചിരുന്നു.
