ഭർത്താവിന്റെ അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തു; യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ…

കാൺപൂർ: മരുന്ന് വ്യാപാരിയായ ഭർതൃപിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മരുമകൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശി വിനീത് മിനോച്ച (63)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ ഷാലു (36) ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്‌ചയാണ് വിനീതിനെ ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കൊലപാതകത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു. വിനീതിന്റെ മുൻ ജീവനക്കാരനായ വിശാലും കൂട്ടാളി രാജ് കിഷോറും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ. ഞായറാഴ്‌ച വൈകിട്ടോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരെയും ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. വിനീതിന്റെ മരുമകൾ ഷാലുവിൻ്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷാലുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യം കുറ്റം നിഷേധിച്ച ഷാലു പിന്നീട് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഭർതൃപിതാവ് സിസിടിവി വഴി തന്നെ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കുന്നതും വൈകി വീട്ടിലെത്തുന്നതും അദ്ദേഹം എതിർത്തിരുന്നുവെന്നും ഷാലു മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

സാമ്പത്തിക കാര്യങ്ങളിലും ഭർതൃപിതാവിന് വലിയ നിയന്ത്രണമുണ്ടായിരുന്നുവെന്നാണ് ഷാലുവിന്റെ ആരോപണം. സമ്പന്ന കുടുംബത്തിൽ നിന്നുള്ളവരായിരുന്നിട്ടും തനിക്കും ഭർത്താവിനും ആവശ്യമായ പണത്തിനായി ഭർതൃപിതാവിനോട് ചോദിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ജൂലൈ 28ന് രാത്രി വൈകി വീട്ടിലെത്തിയതിനെ തുടർന്ന് വിനീത് ഷാലുവിനെ ശകാരിച്ചതോടെയാണ് കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മുൻ ജീവനക്കാരനായ വിശാലിനെ സമീപിച്ച ഷാലു ഇയാൾക്ക് ആറ് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. സെപ്റ്റംബർ ആറിന് രണ്ട് ലക്ഷം രൂപ മുൻകൂറായി നൽകിയതായും പൊലീസ് കണ്ടെത്തി.

കൊലപാതകത്തിനായി ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിച്ച് ഷാലു വിശാലിന് കൈമാറി. ഈ താക്കോൽ ഉപയോഗിച്ചാണ് വിശാലും രാജ് കിഷോറും ഫ്ലാറ്റിൽ പ്രവേശിച്ചത്. കൊലപാതകം നടക്കുമ്പോൾ ഷാലു ഭർത്താവിനും മകൾക്കുമൊപ്പം പുറത്തായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വിനീതിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ശ്രമം പരാജയപ്പെട്ടതോടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിനീതിന്റെ ശരീരത്തിൽ 26 കുത്തേറ്റതായാണ് പൊലീസ് കണ്ടെത്തിയത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!