വെസ്റ്റ് ബാങ്ക് കുടിയേറ്റത്തെ ചൊല്ലി തർക്കം രൂക്ഷം; യുകെയ്ക്കെതിരെ കടുത്ത നടപടികളുമായി ഇസ്രയേൽ

ലണ്ടൻ/ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ മേഖലകളെ ചൊല്ലിയുള്ള യുകെ–ഇസ്രയേൽ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളിൽ നിന്നുള്ള ചില ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ, ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു.

പലസ്തീനികൾക്കെതിരായ ഇസ്രയേൽ നടപടികളെ രൂക്ഷമായി വിമർശിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡാണ് ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ചില മേഖലകളിൽ പലസ്തീനികളെ വംശീയമായി പുറത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഇതിന് പിന്നാലെ യുകെ ഉൾപ്പെടെ 12 രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഫ്രാൻസ്, കാനഡ, ഡെൻമാർക്ക്, സ്‌പെയിൻ, ഫിൻലാൻഡ്, അയർലൻഡ്, ഐസ്‌ലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്വീഡൻ എന്നിവയാണ് പ്രസ്താവനയിൽ ബ്രിട്ടനൊപ്പം ചേർന്നത്.

ബ്രിട്ടീഷ് പ്രതിനിധികളെ പുറത്താക്കും

യുകെയ്ക്കെതിരായ നടപടികളുടെ ഭാഗമായി ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാനാണ് ഇസ്രയേലിന്റെ തീരുമാനം. കിര്യത് ഗാറ്റിലുള്ള യുഎസ് പിന്തുണയുള്ള ‘ഇന്റർനാഷണൽ ഗാസ സപ്പോർട്ട് സെന്ററിൽ’നിന്ന് ബ്രിട്ടീഷ് പ്രതിനിധികളെ ഒഴിവാക്കുമെന്നും ഇസ്രയേൽ അറിയിച്ചു.

റമല്ലയിൽ പലസ്തീൻ അതോറിറ്റി സുരക്ഷാ സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്ന ബ്രിട്ടീഷ് സഹായ സംഘത്തെയും പിരിച്ചുവിടും. ഇതിന് പുറമെ ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിച്ച 11 ബ്രിട്ടീഷ് എംപിമാരും ഒരു അഭിഭാഷകനും ഉൾപ്പെടെ 12 പേർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ആലോചിച്ചാണ് നടപടികൾക്ക് തീരുമാനമെടുത്തതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, യുകെയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര തർക്കത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!