പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു….

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനി മരിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ചികിത്സ ലഭ്യമാക്കിയിട്ടും മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് 22 കാരി. കൊല്ലം പരവൂരിലെ പൂതക്കുളത്ത് സ്നേഹാലയത്തിൽ ടി ബിജുവിന്‍റെയും ഷീജയുടെയും ഏക മകൾ ബി എസ് സ്നേഹയാണ് മരിച്ചത്.

മൈസൂരുവിൽ അവസാന വർഷ ബി എസ് സി നഴ്സിങ് പരീക്ഷ പൂർത്തിയാക്കി കൊല്ലത്തേക്ക് ട്രെയിൻ മാർഗം വരികയായിരുന്നു സ്നേഹ. യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

എ സി കംപാർട്ട്മെന്റിലുണ്ടായിരുന്ന ഡോക്ടർ പരിശോധിച്ച് ചികിത്സയും ലഭ്യമാക്കി. തുടർന്ന് ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് സ്നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ സ്നേഹ മരണത്തിന് കീഴടങ്ങി . സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവാണ് സ്നേഹയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!