യുട്യൂബ് നോക്കി വീട്ടിൽ പ്രസവം; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കോയമ്പത്തൂർ: യുട്യൂബ് വിഡിയോകൾ കണ്ടു വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. ഊത്തുകുളിക്കു സമീപം തളവായ്പാളയം സ്വദേശിനിയായ കുഴന്തൈസാമിയുടെ ഭാര്യ ശശികല (32)യാണ് മരിച്ചത്.

ജൂൺ 25-നാണ് സംഭവം. നാല് വയസ്സുള്ള മകളുള്ള ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ ആശുപത്രിക്ക് പകരം വീട്ടിൽവച്ച് പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു. യുട്യൂബിലെ വിഡിയോകൾ കണ്ടാണ് പ്രസവശ്രമം നടത്തിയത്. തുടർന്ന് ശശികല പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും അമിത രക്തസ്രാവം ഉണ്ടായതോടെ ഗുരുതരാവസ്ഥയിലായി.

ഉടൻ പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവജാത ശിശു ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ശശികലയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ശസ്ത്രക്രിയ കൂടാതെ പ്രസവിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഡോക്ടർമാരുടെ സേവനം തേടാതെ വീട്ടിൽ പ്രസവം നടത്താൻ ശശികലയും ഭർത്താവും അമ്മായിയമ്മയും തീരുമാനിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ ഊത്തുകുളി പൊലീസും ജില്ലാ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!