തിരുവനന്തപുരം: ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈകടത്തില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. എന്നാൽ തീർഥാടകർക്ക് സുഗമമായി ദർശനം ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ശബരിമലയുമായി ബന്ധപ്പെട്ട് പുതിയ നിയമനിർമാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാൽ ആവശ്യമായ ഘട്ടത്തിൽ നിയമനിർമാണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡല-മകരവിളക്ക് തീർഥാടനം മികച്ച രീതിയിൽ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സർക്കാർ നേരത്തെയും വ്യക്തമാക്കിയിരുന്നു. ദർശനത്തിന് മുടക്കം സംഭവിച്ചാൽ ദേവസ്വം ബോർഡിനേക്കാൾ സർക്കാരിനെയാണ് ജനങ്ങൾ കുറ്റപ്പെടുത്തുകയെന്നും അതുകൊണ്ടുതന്നെ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഇടപെടുമെന്നും കെ. മുരളീധരൻ പറഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രി പമ്പയിൽ വിശദമായ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
