LEST 2027: നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പ്രവേശനം; പരീക്ഷ അടുത്ത വർഷം, ഇപ്പോൾ അപേക്ഷിക്കാം !

നവോദയ വിദ്യാലയങ്ങളിൽ 2027-28 അധ്യയന വർഷത്തെ 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് (LEST) മുഖേന പ്രവേശനം നേടുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട  അവസാന തീയതി സെപ്റ്റംബർ 30.

യോഗ്യതാ മാനദണ്ഡങ്ങൾ
9-ാം ക്ലാസ് പ്രവേശനത്തിന്

വിദ്യാഭ്യാസം: അപേക്ഷകർ നിലവിൽ (2026-27 അധ്യയന വർഷത്തിൽ) അതത് ജില്ലയിലെ സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം.

പ്രായപരിധി: വിദ്യാർത്ഥികൾ 2012 മേയ് 1-നും 2014 ജൂലൈ 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് ദിവസങ്ങളും ഉൾപ്പെടെ).

താമസം: വിദ്യാർത്ഥി പഠിക്കുന്നതും താമസിക്കുന്നതും നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന അതേ ജില്ലയിലായിരിക്കണം.

11-ാം ക്ലാസ് പ്രവേശനത്തിന്

വിദ്യാഭ്യാസം: അപേക്ഷകർ നിലവിൽ (2026-27 അധ്യയന വർഷത്തിൽ) സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്കൂളുകളിൽ പത്താം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം.

പ്രായപരിധി: വിദ്യാർത്ഥികൾ 2010 ജൂൺ 1-നും 2012 ജൂലൈ 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് ദിവസങ്ങളും ഉൾപ്പെടെ).

ജില്ലാ മുൻഗണന: ജില്ലാ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി വിദ്യാർത്ഥിയുടെ താമസസ്ഥലവും പത്താം ക്ലാസ് പഠിക്കുന്ന സ്കൂളും ഒരേ ജില്ലയിലായിരിക്കണം.

ജവഹർ നവോദയ വിദ്യാലയങ്ങളിൽ (JNV) പ്രവേശനം ലഭിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാണ്.

സ്കൂൾ കാമ്പസിനുള്ളിൽ തന്നെ സുരക്ഷിതമായ ഹോസ്റ്റൽ താമസവും പോഷകാഹാരസമൃദ്ധമായ ഭക്ഷണവും തികച്ചും സൗജന്യമായി നൽകുന്നു.

സ്കൂൾ യൂണിഫോമുകൾ, പാഠപുസ്തകങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ (ബുക്ക്, പേന മുതലായവ), കിടക്ക സാമഗ്രികൾ, നിത്യോപയോഗ സാധനങ്ങൾ (സോപ്പ്, പേസ്റ്റ് മുതലായവ) എന്നിവയെല്ലാം നവോദയ സമിതി സൗജന്യമായി നൽകും.

പൂർണ്ണമായും CBSE സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളാണ് ഇവ.

എല്ലാ വർഷവും സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന വിജയശതമാനം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് നവോദയ.

ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് JEE, NEET തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകൾക്കായി സ്മാർട്ട് ക്ലാസുകൾ വഴിയുള്ള പ്രത്യേക പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും ലഭിക്കാറുണ്ട്.

കായികം, യോഗ, എൻ.സി.സി (NCC), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ മികച്ച പരിശീലനം നൽകുന്നു. നവോദയകൾക്ക് മാത്രമായി ദേശീയതലത്തിൽ കായികമേളകൾ നടത്താറുണ്ട്.  കംപ്യുട്ടർ ലാബുകൾ, അത്യാധുനിക സയൻസ് ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, വിപുലമായ ലൈബ്രറി, കളിസ്ഥലങ്ങൾ എന്നിവ എല്ലാ സ്കൂളുകളിലും ലഭ്യമാണ്.

റെസിഡൻഷ്യൽ സ്കൂൾ ആയതുകൊണ്ട് തന്നെ കുട്ടികളിൽ സ്വയംപര്യാപ്തത, അച്ചടക്കം, നേതൃത്വപാടവം, ഒരുമിച്ച് ജീവിക്കാനുള്ള മനോഭാവം എന്നിവ ചെറുപ്പത്തിലേ വളർത്തിയെടുക്കാൻ ഇത് സഹായിക്കുന്നു.

പ്രവേശന പരീക്ഷ
2027 ഏപ്രിൽ 10ന് ഒബ്ജക്ടീവ് ടൈപ്പ് (MCQ) രീതിയിൽ നടത്തും. പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. 9-ാം ക്ലാസിന് എട്ടാം ക്ലാസ് സിലബസിലെ മാത്തമാറ്റിക്സ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ നിന്നും 11-ാം ക്ലാസിന് പത്താം ക്ലാസ് സിലബസിലെ മെന്റൽ എബിലിറ്റി, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ. NCERT പാഠപുസ്തകങ്ങളും മുൻവർഷ ചോദ്യപേപ്പറുകളും പരിശീലിക്കുന്നത് മികച്ച സ്കോർ നേടാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!