വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു; പശുവിന്റെ ജഡം ജീപ്പിൽ കെട്ടിവച്ചു; റൂഫ് വലിച്ചുകീറി; പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം

വയനാട്: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുൽപ്പള്ളിയിൽ പ്രതിഷേധം ആളിക്കത്തുന്നു. ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ ജനങ്ങൾ വനം വകുപ്പിന്റെ ജീപ്പിനെ തടഞ്ഞുവച്ചു. പോലീസിനും വനം വകുപ്പിനുമെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

പുലി കടിച്ച് കൊന്ന പശുവിശന്റ ജഡം കൊണ്ടുവന്നായിരുന്നു ജനങ്ങൾ പ്രതിഷേധം നടത്തിയത്. വനംവകുപ്പിന്റെ ജീപ്പിന് മുകളിൽ പശുവിന്റെ ജഡം കെട്ടി വച്ചു. ജീപ്പിന് മുകളിൽ റീത്ത് വച്ചും ടയറിന്റെ കാറ്റഴിച്ച് വിട്ടും ആണ് ജനങ്ങൾ പ്രതിഷേധിച്ചത്. ജീപ്പിന്റെ റൂഫ് ജനങ്ങൾ വലിച്ചുകീറി. നൂറോളം പേരാണ് പ്രദേശത്തേക്ക് പ്രതിഷേധിച്ചെത്തിയത്.

സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎൽഎക്കെതിരെയും പ്രതിഷേധമുണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് എത്തുന്നതെന്നായിരുന്നു വിമർശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയിൽ തടയുമെന്നും നാട്ടുകാർ പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഈ മാസം 20നാണ് യോഗം ചേരുക. റവന്യൂ, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. വയനാട്ടിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!