അമല്‍ നീരദ് ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി Deux’ റിലീസിനൊരുങ്ങുകയാണ്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹന്‍സിക കൃഷ്ണയും ചിത്രത്തിലൂടെ ബിഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഹൻസികയുടെ കാരക്ടർ പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ഇന്നലെ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും നടന്നിരുന്നു. പ്രീ റിലീസ് ഇവന്റിൽ ഹൻസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. “എല്ലാവർക്കും നമസ്കാരം. ഞാൻ ഹൻസിക കൃഷ്ണ. ഇതെന്റെ ആദ്യത്തെ സിനിമയാണ്, ഞാൻ ഭയങ്കര ആവേശത്തിലാണ്. അമൽ നീരദ് സാറിനോടും ജ്യോതിർമയി മാംമിനോടും വലിയൊരു നന്ദി പറയുന്നു.
എനിക്ക് ഇങ്ങനെയൊരു അവസരം തന്നതിന്. ഇത്രയും നല്ലൊരു സൂപ്പർ കാസ്റ്റിനൊപ്പം അഭിനയിക്കാൻ പറ്റിയതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇതൊരു ആക്ഷൻ എന്റർടെയ്നറാണ്. എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ സിനിമയാണ്. എല്ലാവരും തിയറ്ററിൽ പോയി തന്നെ സിനിമ കാണണം”.- ഹൻസിക പറഞ്ഞു.
കരോള്‍ എന്ന കഥാപാത്രത്തെയാണ് ഹന്‍സിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പക്കാ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ളതാകും ഹൻസികയുടെ വേഷമെന്നാണ് പുറത്തുവരുന്ന വിവരം. നസ്‌ലിന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയന്‍, ജ്യോതിര്‍മയി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. നവംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും.
