സിനിമയെ വെല്ലുന്ന ക്രൂരത, ‘തീരൻ’ മോഡൽ കൊള്ളസംഘം തൃശൂരിൽ…ഗൃഹനാഥനെ ബന്ദിയാക്കി കവർച്ച നടത്തിയ…

തൃശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ച് ബന്ദിയാക്കി 47 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയുടെ മാസ്റ്റർമൈൻഡും അന്തർസംസ്ഥാന കൊള്ളസംഘത്തിലെ പ്രധാനിയുമായ രാജസ്ഥാൻ സ്വദേശി സൂരജ് പവാറാണ് പിടിയിലായത്.

രാജസ്ഥാനിലെ ചിറ്റോർഗഡ് മാന്ദ്ഫിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് തൃശൂർ സിറ്റി ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് ഇയാളെ സാഹസികമായി പിടികൂടിയത്. കവർച്ച ചെയ്യപ്പെട്ട മുതലിൽ 26 പവൻ സ്വർണ്ണാഭരണങ്ങളും പണവും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

രാജസ്ഥാനിലെ അതിശക്തമായ സുരക്ഷയുള്ള ‘തിരുട്ട് ഗ്രാമത്തിൽ’ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. രണ്ടു ദിവസം നീണ്ട അതീവ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കേരള പൊലീസ് സംഘം ഇയാളെ വലയിലാക്കിയത്. മധ്യപ്രദേശിലെ സിഹോർ ഗ്രാമത്തിൽ ജനിച്ച സൂരജ് പവാറിന് മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലായി നിരവധി മോഷണ, കവർച്ചാ കേസുകൾ നിലവിലുണ്ട്.

തമിഴ് സൂപ്പർഹിറ്റ് ചിത്രം ‘തീരൻ അധികാരം ഒൻട്ര്’ എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇയാളും സംഘവും കവർച്ചാ ആസൂത്രണം നടത്തുന്നത്. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകളിൽ കയറി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുകയും, ഹൈവേയോട് ചേർന്നുകിടക്കുന്ന വീടുകൾ ലക്ഷ്യമിടുകയുമാണ് ഇവരുടെ രീതി. രാത്രികാലങ്ങളിൽ വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറുന്ന ഇവർ, ആരെങ്കിലും തടയാൻ ശ്രമിച്ചാൽ ക്രൂരമായി ആക്രമി ക്കുകയോ വകവരുത്തുകയോ ചെയ്യും.

അറസ്റ്റിലായ സൂരജ് പവാർ ഉൾപ്പെടെയുള്ള സംഘാംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഈ കേസിലെ രണ്ടും മൂന്നും പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!