ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെ ചികിത്സാ വീഴ്ചകൾക്കെതിരെയും ഭരണസംവിധാനങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.
“കോമ്പൌണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്. പിന്നെ ഗവണ്‍മെന്‍റിന്‍റെ ജോലി എന്താ? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ് എന്നാണ് പറയുന്നത്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം. ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം. അവിടെ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമാണത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാ. ആ തീരുമാനത്തിന് ശേഷവും ഏതോ ഒരു സംഘടന- സേവാഭാരതി ഷെഡും കെട്ടിയിരിക്കുകയാണ്. സൂപ്രണ്ടിനോട് വിളിച്ചു ചോദിച്ചു എന്താ കാണിക്കുന്ന തെന്ന്. ദൈവം തമ്പുരാൻ വിചാരിച്ചാൽ നന്നാവുമോ? ഇതൊക്കെ മാറ്റണം”- ജി സുധാകരൻ പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണം സംബന്ധിച്ച് നേരത്തെ ഉന്നതതല യോഗം ചേർന്നിരുന്നുവെന്ന് ജി സുധാകരൻ വെളിപ്പെടുത്തി. മൂന്നാഴ്ച മുൻപ് താനും കെ സി വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ഒരു സംഘടനയും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഈ ഔദ്യോഗിക തീരുമാനം കൃത്യമായി പാലിക്കപ്പെട്ടില്ലെന്നും കോമ്പൗണ്ടിൽ ഇപ്പോഴും സംഘടനകളുടെ ഭക്ഷണ വിതരണം തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളേജുകളിൽ സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന ക്രൂരമായ അവസ്ഥയെക്കുറിച്ചും ജി സുധാകരൻ വികാരാധീനനായി സംസാരിച്ചു. ഇത്തരം തെറ്റായ പ്രവണതകളും നിയമങ്ങളും തിരുത്തി എഴുതേണ്ടവരാണ് വിദ്യാർത്ഥികളെന്നും, അവർ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള എംഎൽഎയുടെ ഈ പരസ്യവിമർശനം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.
