തൃശൂർ: മാവേലിയും പുലികളിക്കാരും ചെണ്ടമേളവുമായി നിരത്തിലിറങ്ങിയ ഓണപ്പരസ്യ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘ബ്രേക്ക്’. അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പ്രദർശിപ്പിച്ച് ഇൻഫോപാർക് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 7,700 രൂപ പിഴ ചുമത്തി.
ബാങ്കിന്റെ പരസ്യം പതിച്ച കാറിലായിരുന്നു മാവേലിയും പുലികളിക്കാരും സഞ്ചരിച്ചിരുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ മുന്നിലും വാഹനം നിർത്തി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെയും പുലികളിക്കാരെയും പുറത്തിറക്കിയായിരുന്നു പരസ്യ പ്രചാരണം. ഇതിനിടെയാണ് വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നിർദേശപ്രകാരം വാഹനം പരിശോധിച്ചപ്പോൾ പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നേടിയിട്ടില്ലെന്നും നിയമപ്രകാരമുള്ള പ്രത്യേക ഫീസ് അടച്ചിട്ടില്ലെന്നും കണ്ടെത്തി.
തുടർന്ന് വാഹനത്തോടൊപ്പം മാവേലിയെയും പുലികളിക്കാരെയും കളക്ടറേറ്റിലെത്തിച്ചു. ബാങ്ക് നേരിട്ടല്ല പ്രചാരണം നടത്തിയതെന്നും ബാങ്കിന് വേണ്ടി പരസ്യ പ്രചാരണത്തിന് കരാറെടുത്തവരാണ് പരിപാടി സംഘടിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു.
നിയമാനുസൃത അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം പ്രദർശിപ്പിച്ചതിന് 7,700 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടയച്ചു. അപ്രതീക്ഷിതമായി ഓണയാത്രയ്ക്ക് ചെറിയൊരു ഇടവേള വന്നെങ്കിലും നടപടികൾ പൂർത്തിയായതോടെ മാവേലിയും സംഘവും കളക്ടറേറ്റിൽനിന്ന് വീണ്ടും യാത്ര തുടർന്നു.
