ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി സ്‌ക്വയറിലേക്കാണ് വിലാപയാത്ര. കനത്ത സുരക്ഷയിലാണ് ഇറാൻ. വ്യോമാതിർത്തി ഇന്ന് പൂർണമായും അടച്ചിടും.
സുരക്ഷയുടെ ഭാഗമായി പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അലി ഖമനിയുടെ മറ്റ് മൂന്ന് മക്കളായ മസൂദ്, മൊസ്തഫ, മെയ്സം എന്നിവർ ഞായറാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു, പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, റെവല്യൂഷണറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കൊപ്പമാണ് ഇവർ എത്തിയത്.
അതേസമയം, ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിനെക്കുറിച്ച് പ്രകോപന പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എല്ലാവരും ഒത്തുചേർന്നിട്ടുണ്ടെന്നും ഒറ്റ ഷോട്ടിൽ വേണമെങ്കിൽ അമേരിക്കയ്ക്ക് ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും. അമേരിക്ക അങ്ങനെ ചെയ്യാതിരിക്കുന്നത് പിന്നെ ചർച്ചകൾക്ക് ആരും അവശേഷിക്കില്ല എന്നു കരുതിയാണെന്നും ട്രംപ് പറഞ്ഞു. സംസ്‌കാരചടങ്ങിൽ വിഷമിക്കുന്നവരെ കണ്ട് താൻ അത്ഭുതപ്പെട്ടെന്നും അത് മുതലക്കണ്ണീർ ആകാമെന്നും ട്രംപ് പറഞ്ഞു.
യുദ്ധത്തിന് താത്ക്കാലികമായെങ്കിലും അറുതി വന്നതിന് ശേഷമാണ് പരമോന്നത നേതാവിന് ഇറാൻ വിട നൽകാനൊരുങ്ങുന്നത്. ഇറാനിലെ ഔദ്യോഗിക വസതിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്.
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇന്ന്; കനത്ത സുരക്ഷയിൽ ഇറാൻ, വ്യോമാതിർത്തി പൂർണമായും അടച്ചിടും
