കൊച്ചി:കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടർന്ന് യു എസ് കമ്പനി കോറോ ഹെൽത്ത്.ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. പത്താം തീയതി വരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. ജീവനക്കാർക്ക് പിന്തുണയുമായി എഐടിയുസി നേതാക്കളും ഓഫീസിൽ എത്തിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ചയാണ് കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
സാധാരണ പോലെ ജോലിക്ക് എത്തിയ ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് കേരളത്തിലെ ഓഫീസുകൾ സ്ഥിരമായി പൂട്ടുകയാണെന്ന് മാനേജ്‌മെന്റ് അറിയിക്കുകയുമായിരുന്നു. ആശങ്കയിലായ ജീവനക്കാർ വിവരം എംഎൽഎ അടക്കമുള്ളവരെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ജില്ലാ ലേബർ ഓഫീസർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ഇടപെട്ടത്. പിന്നാലെ തുടർചർച്ചകൾക്കായി പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ സെക്രട്ടറി തലത്തിൽ തിങ്കളാഴ്ച കമ്പനി പ്രതിനിധികളും ജീവനക്കാരുമായി ഒത്തുതീർപ്പ് ചർച്ച നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ ധാരണകൾ തെറ്റിച്ചുകൊണ്ട് നിലപാട് എടുത്തത്.
കൂട്ടപ്പിരിച്ചുവിടലിൽ കടുംപിടുത്തവുമായി കോറോ ഹെൽത്ത്… ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി…
