Fifa World Cup 2026
കനത്ത മഴയും മിന്നലും, എംബാപ്പെയുടെ ‘2 ഇടിവെട്ട് ഗോളും’! ഇറാഖിനെ തകർത്ത് ഫ്രഞ്ച് പട

ഫിലാഡാൽഫിയ: മഴ നനഞ്ഞ് തണുത്ത ഫിലാഡാൽഫിയ സ്റ്റേഡിയത്തെ കത്തിച്ച് എംബാപ്പെയുടെ രണ്ട് മിന്നൽ ഗോളുകൾ. ഇറാഖിനെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് മുൻ ചാംപ്യൻമാരായ ഫ്രാൻസ് ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ നോക്കൗട്ടിലേക്ക്.

കനത്ത മഴയും ഇടിമിന്നലും മത്സരം തടസപ്പെടുത്തിയപ്പോൾ രണ്ട് മണിക്കൂർ കഴിഞ്ഞാണ് രണ്ടാം പകുതി ആരംഭിച്ചത്. സൂപ്പർ താരവും നായകനുമായ കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി ഇത്തവണയും മുന്നിൽ നിന്നു നയിച്ചു. ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ മുൻ ജർമൻ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പമെത്തി. ഈ പോരാട്ടത്തിനു മണിക്കൂറുകൾക്ക് മാത്രം മുൻപാണ് അർജന്റീന നായകൻ ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളെന്ന റെക്കോർഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. തൊട്ടുപിന്നാലെയാണ് എംബാപ്പെയുടെ ഇരട്ട ഗോളുകൾ. ഈ ലോകകപ്പിൽ തന്നെ റെക്കോർഡ് നേട്ടത്തിനായി ഇരുവരും തമ്മിൽ ഒരുപക്ഷേ മത്സരം നടന്നേക്കാമെന്ന സാധ്യതയും ഇതോടെ തുറന്നു. രണ്ട് ഗോൾ വ്യത്യാസത്തിലാണ് നിലവിൽ റെക്കോർഡിൽ മെസി മുന്നിൽ നിൽക്കുന്നത്.

കളിയുടെ 14, 54 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകൾ വന്നത്. ശേഷിച്ച ഒരു ഗോൾ 66ാം മിനിറ്റിൽ ഒസ്മാൻ ഡെംബലയും വലയിലാക്കി. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഫ്രാൻസ് 1-0ത്തിനു മുന്നിലായിരുന്നു. പിന്നീടാണ് രണ്ട് മണിക്കൂർ കളി തടസപ്പെട്ടത്.

കളി തുടങ്ങി 14ാം മിനിറ്റിൽ തന്നെ കിടിലൻ ഇടങ്കാലൻ ബുള്ളറ്റ് ഷോട്ടിലൂടെ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഫ്രഞ്ച് നായകന്റെ വണ്ടർ ഗോൾ. ബോക്സിന് പുറത്തു നിന്നു പോസ്റ്റിന്റെ വലതു വശം ലക്ഷ്യമാക്കി എംബാപെ ഷൂട്ട് ചെയ്ത ബോൾ ഉയർന്നു പൊങ്ങി. ഗോൾ വീഴുന്നതു തടയാൻ ഡൈവ് ചെയ്ത ഇറാഖ് ഗോൾ കീപ്പർ അഹമദ് ബാസിലിന്റെ കൈ അറ്റത്തിലൂടെ പന്ത് സുരക്ഷിതമായി വലയിൽ. എംബാപ്പെയുടെ ലോകകപ്പിലെ 15ാം ഗോളായിരുന്നു ഇത്. അതോടെ ലോകകപ്പിലെ ഗോൾ നേട്ടത്തിൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയ്ക്കൊപ്പമെത്തി.

ലീഡെടുത്തതോടെ ഫ്രാൻസ് പലതവണ ഇറാഖിന്റെ പോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയെങ്കിലും പ്രതിരോധം മറികടക്കാനായില്ല. എംബപ്പെയുടെ ആദ്യ ഗോളിന് ശേഷം പ്രതിരോധത്തിലൂന്നിയ കളിയാണ് ഇറാഖും കളിച്ചത്. മത്സരത്തിന്റെ 30ാം മിനിറ്റിൽ ആരംഭിച്ച മഴ ഹാഫ് ടൈം അടുത്തതോടെ കനത്തു. ഇടിമിന്നൽ കൂടെ ശക്തമായതോടെ ഹാഫ് ടൈമിനു പിന്നാലെ മത്സരം നിർത്തിവച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിന് ഫ്രാൻസ് മുന്നിട്ടു നിന്നു.

രണ്ട് മണിക്കൂറിനു ശേഷം രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ എംബാപ്പെയുടെ രണ്ടാം ഗോളും വന്നു. ഇറാഖ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ഗോളടിച്ചത്. പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് ഇറാഖ് പ്രതിരോധ താരം നൽകിയ പാസ് നിയന്ത്രണത്തിലാക്കുന്നതിൽ ഗോൾ കീപ്പർക്ക് പിഴച്ചു. പന്ത് കിട്ടിയ ഡെംബലെ എംബാപ്പെക്ക് മറിച്ചു നൽകി. താരം അത് അനായാസം വലയിലേക്ക് പായിച്ചു. പിന്നാലെ ഡെംബലെയിലൂടെ ഫ്രാൻസ് മൂന്നാം ഗോൾ കണ്ടെത്തി. 10 മിനിറ്റിനിടെ രണ്ട് ഗോളുകളാണ് രണ്ടാം പകുതിയിൽ ഫ്രാൻസ് ഇറാഖിന്റെ വലയിലിട്ടത്. അതോടെ ഇറാഖ് തോൽവിയുറപ്പിച്ചു. പിന്നീട് അവർക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനും കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!