സാഗർ (എം പി) : ജലദോഷം, ചുമ, കണ്ണുകളിൽ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. സംഭവം പ്രതിഷേധത്തിന് കാരണമായി. സാഗർ ജില്ലയിലെ ബന്ദ സിവിൽ ആശുപത്രിയിലാണ് കുട്ടി ചികിത്സ തേടിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഭൂസ കമാൽപൂർ ഗ്രാമത്തിലെ താമസക്കാരനായ ഇന്ദ്രജ് വിശ്വകർമയാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. കുടുംബത്തിന്റെ പരാതിപ്രകാരം, ഇന്ദ്രജിന്റെ മകനെ മേയ് 29ന് ആശുപത്രിയിലെത്തിച്ചപ്പോൾ ശിശു രോഗ വിദഗ്ധൻ കണ്ണിൽ ഒഴിക്കാനുള്ള തുള്ളിമരുന്നും സിറപ്പും മരുന്നുകളും നിർദേശിച്ചു. എന്നാൽ, ചികിത്സക്കിടെ കഫം അലിയിക്കാൻ ഉപയോഗിക്കുന്ന മരുന്ന് അബദ്ധത്തിൽ കുട്ടിയുടെ കണ്ണിൽ ഒഴിച്ചതാണ് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് മാതാപിതാക്കളുടെ ആരോപണം.
തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതായി പിതാവ് പറഞ്ഞു. എന്നാൽ, കുട്ടി സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ മൂന്നു നാലുമണിക്കൂർ ആശുപത്രിയിൽ തന്നെ തുടർന്നു. എന്നാൽ, കുട്ടിയുടെ നില ഗുരുതരമായതോടെ സാഗർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഭോപാൽ എയിംസിലേക്കും മാറ്റി. അവിടെ പരിശോധന നടത്തിയ ഡോക്ടർമാർ കുട്ടിക്ക് കാഴ്ച പൂർണമായി നഷ്ടമായതായി അറിയിച്ചെന്ന് കുടുംബം പറയുന്നു.
ഉത്തരവാദികളായ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് ആരോഗ്യവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. കുട്ടിക്ക് നിർദേശിച്ച മരുന്ന്, യഥാർഥത്തിൽ നൽകിയ മരുന്ന്, ചികിത്സയിലെ വീഴ്ച എന്നിവ സമിതി പരിശോധിക്കും.
കഫം അലിയിക്കാൻ ഉപയോഗിക്കുന്ന മരുന്ന് അബദ്ധത്തിൽ കണ്ണിൽ ഒഴിച്ചു; ജലദോഷത്തിന് ചികിത്സ തേടിയ കുഞ്ഞിന് കാഴ്‌ച നഷ്ടമായി…
