തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയുടെ പരിഗണനയ്‌ക്ക് വരും. എക്സൈസ് വകുപ്പിന്റെ ധനാഭ്യർഥനയും ഇന്നത്തെ അജൻഡയിൽ ഉൾപ്പെട്ടിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ ഏർപ്പെടുത്തിയ നികുതിയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും വീണ്ടും സഭയിൽ ചർച്ചയാകാനാണ് സാധ്യത.
മദ്യനികുതി വർധനവിനെ ചൊല്ലി പ്രതിപക്ഷം മുഖ്യമന്ത്രിയെയും സർക്കാരിനെയും ശക്തമായി വിമർശിച്ചിരിക്കുകയാണ്. ഭരണപക്ഷത്തിനുള്ളിലും ചില വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ചർച്ച കൂടുതൽ ചൂടുപിടിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച നികുതി വ്യവസ്ഥകൾ മറ്റന്നാൾ അവതരിപ്പിക്കുന്ന ധനബില്ലിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചോദ്യോത്തര വേളയിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ പൊതുമരാമത്ത് പ്രവൃത്തികളും പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് സൂചന.
ഇതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹി-കേരള വിമാനയാത്ര വൈകിയ സംഭവത്തിൽ ഇന്ന് അച്ചടക്ക നടപടി ഉണ്ടാകും. ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസറെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുമെന്നാണ് വിവരം.
പിണറായി വിജയന്റെ യാത്ര വൈകാൻ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ച കാരണമായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
പിബി യോഗം കഴിഞ്ഞ് മടങ്ങിയ പിണറായി വിജയന് പ്രോട്ടോക്കോൾ പിഴവ് മൂലം നാല് മണിക്കൂറിലേറെ ഡൽഹി വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നു. കോഴിക്കോട് പോകേണ്ട വിമാനം നഷ്ടമായതിനെ തുടർന്ന് അദ്ദേഹം പിന്നീട് കണ്ണൂരിലേക്കുള്ള വിമാനത്തിലാണ് യാത്ര തുടർന്നത്.
