ബെല്‍ഫാസ്റ്റ്: ടി20 ലോക ചാംപ്യന്മാരായി അയര്‍ലന്‍ഡിലെത്തിയ ടീം ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി. ഐറിഷ് ടീം ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 148ന് പുറത്തായി. 34 റണ്‍സിനാണ് ആതിഥേയരുടെ വിജയം.ഇന്ത്യക്കെതിരെ അയര്‍ലന്‍ഡിന്റെ ആദ്യ വിജയമാണിത്. സ്‌കോര്‍: അയര്‍ലന്‍ഡ് – 20 ഓവറില്‍ 9ന് 182, ഇന്ത്യ -18.5 ഓവറില്‍ 148ന് പുറത്ത്.
49 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അരങ്ങേറ്റക്കാരായ മാറ്റ് ഹൊല്ലാര്‍ഡ്, ജയ് മൂന്ദ്ര എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഹൊല്ലാര്‍ഡ് മൂന്നും മൂന്ദ്ര രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി കളംനിറഞ്ഞ മാത്യു ഹംഫ്രിസും മൂന്നുവിക്കറ്റുകള്‍ പിഴുതു. ഞായറാഴ്ചയാണ് രണ്ടുമത്സര പരമ്പരയിലെ അവസാന മത്സരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ ലോകകപ്പിലെ താരം സഞ്ജു സാംസണെ (5) നഷ്ടമായി. പിന്നാലെയിറങ്ങിയ ഇഷാന്‍ കിഷന്‍ (1), നായകന്‍ ശ്രേയസ് അയ്യര്‍ (3) എന്നിവരും അമ്പേ പരാജയപ്പെട്ടു. ഒരുഭാഗത്ത് അഭിഷേക് ശര്‍മ വമ്പനടികളുമായി നിറഞ്ഞു നിന്നപ്പോഴാണ് മുന്‍നിരയില്‍ മറ്റെല്ലാ താരങ്ങളും പരാജയപ്പെട്ടത്.
20 പന്തില്‍ 49 റണ്‍സ് നേടിയ അഭിഷേക്, എട്ടാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. 7 ഫോറും രണ്ട് സിക്‌സുമടങ്ങുന്നതാണ് ഇന്നിങ്‌സ്. തിലക് വര്‍മ (19), ശിവം ദുബെ (25), അക്‌സര്‍ പട്ടേല്‍ (15) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
നേരത്തെ മൂന്നിന് 30 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ക്കണ്ട ഐറിഷ് ടീമിന് നായകന്‍ ലോര്‍കന്‍ ടക്കര്‍ മധ്യനിരതാരം ഗാരത് ഡിലാനി (49) എന്നിവരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ ടക്കര്‍ (50) ടോപ് സ്‌കോററായപ്പോള്‍, ഇന്ത്യക്കുവേണ്ടി തിളങ്ങിയത് ഹര്‍ഷിത് റാണയാണ്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു നിര്‍ണായക വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലന്‍ഡ് 182 റണ്‍സ് നേടിയത്.
