ബുലവായോ: ടി20 ലോകകപ്പില്‍ നിന്നു സീനിയര്‍ ടീം കളിക്കാതെ പുറത്തായതിനു പിന്നാലെ ബംഗ്ലാദേശിന്റെ കൗമാര സംഘത്തിനും തിരിച്ചടി. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ തോറ്റ് ബംഗ്ലാദേശ് ടീം അണ്ടര്‍ 19 ലോകകപ്പില്‍ നിന്നു പുറത്ത്. സൂപ്പര്‍ സിക്‌സ് പോരാട്ടത്തിലാണ് ബംഗ്ലാദേശ് തോറ്റത്. ഇംഗ്ലണ്ട് അവരെ 7 വിക്കറ്റിനു പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 38.1 ഓവറില്‍ വെറും 136 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് 24.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 137 എടുത്ത് അനായാസം വിജയം സ്വന്തമാക്കി.
അര്‍ധ സെഞ്ച്വറി നേടി ക്യാപ്റ്റന്‍ തോമസ് റ്യു പുറത്താകാതെ നിന്നു ടീമിനെ ജയത്തിലേക്ക് നയിച്ചു. താരം 50 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 59 റണ്‍സെടുത്തു.
ഓപ്പണര്‍ ബെന്‍ ഡോകിന്‍സ് (27), ബെന്‍ മേയസ് (34) എന്നിവരും മികവ് കാട്ടി. കളി അവസാനിക്കുമ്പോള്‍ ക്യാപ്റ്റനൊപ്പം 9 റണ്‍സുമായി കാലെബ് ഫാല്‍ക്കണര്‍ പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ബാറ്റിങ് ദയനീയമായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. കടുത്ത പ്രതിരോധത്തിലൂന്നിയാണ് അവര്‍ ബാറ്റ് ചെയ്തത്.
റിഫറ്റ് ബെഗ് (31), എംഡി അബ്ദുല്ല (25), ക്യാപ്റ്റന്‍ അസിസുല്‍ ഹകിം (20), ഷഹ്‌രിയാര്‍ അഹമദ് (18) എന്നിവര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്നത്.
ഇംഗ്ലണ്ടിനായി സെബാസ്റ്റ്യന്‍ മോര്‍ഗന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. റാല്‍ഫി ആല്‍ബര്‍ട്ട്, മാന്നി ലംസ്ഡന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അലക്‌സ് ഗ്രീന്‍, ഫര്‍ഹാന്‍ അഹമദ്, ജെയിംസ് മിന്റോ, റാല്‍ഫി ആര്‍ബര്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആറ് ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി.
സീനിയർ ടീം ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്നു നിലപാട് എടുത്തിരുന്നു. പിന്നാലെ ഐസിസി അവരെ ലോകകപ്പിൽ നിന്നു പുറത്താക്കി. പിന്നാലെയാണ് അണ്ടർ 19 ടീമിനും തിരിച്ചടി നേരിടേണ്ടി വന്നത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളും ഐപിഎല്ലില്‍ നിന്നു പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതും കാരണമാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് എടുത്തത്. എന്നാല്‍ ഐസിസി ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. വേദി മാറ്റില്ലെന്ന കടുത്ത നിലപാട് ഐസിസി എടുത്തു. ഇന്ത്യയിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ബംഗ്ലാദേശും നിന്നതോടെ പരിഹാരം വഴിമുട്ടി. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഐസിസി അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും ബംഗ്ലാദേശ് തീരുമാനം മാറ്റിയില്ല. പിന്നാലെ അവരെ ലോകകപ്പില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്‌ലന്‍ഡിനെ ഐസിസി ഉള്‍പ്പെടുത്തി.
