മേഘാലയയിൽ നിന്ന് പോസ്റ്റ് വഴി കഞ്ചാവ്… കാവലിന് 20 അക്രമകാരികളായ നായ്ക്കൾ… കഞ്ചാവ് കടത്ത് കേസിലെ മുഖ്യപ്രതി പിടിയിൽ

കൊല്ലം: മേഘാലയയില്‍ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്‌സല്‍ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയെ എക്‌സൈസ് സംഘം സാഹസികമായി പിടികൂടി. പാലക്കാട് കൊല്ലങ്കോട് ത്രാമണി സ്വദേശി ജിജിറ്റ് (19) ആണ് കൊല്ലം പുത്തൂരിലെ ഒളിത്താവളത്തിൽ നിന്നും പിടിയിലായത്.

ഇരുപതോളം നായകളുടെ കടുത്ത കാവലിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. എക്സൈസ് സംഘത്തെ കണ്ട് നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ ജീവൻ പണയം വെച്ചാണ് കീഴ്പ്പെടുത്തിയത്.

പ്രതി ജിജിത് കൊല്ലം പുത്തൂരിലെ ഒരു വാടകവീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടയാൻ പ്രതിയും വീട്ടുകാരും ചേർന്ന് വീട്ടിലുണ്ടായിരുന്ന 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് വലിയ പരിഭ്രാന്തി പരത്തി.

വീടിന് ചുറ്റും അക്രമകാരികളായ നായ്ക്കളെ നിർത്തി രക്ഷപ്പെടാനായിരുന്നു ജിജിറ്റിന്റെ ശ്രമം. എന്നാൽ നായ്ക്കളുടെ ഭീഷണിയെ മറികടന്ന് വീടിനകത്ത് അതിക്രമിച്ചു കയറിയ എക്‌സൈസ് സംഘം പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി നാലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മേഘാലയയില്‍ നിന്നും പാലക്കാട് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് കഞ്ചാവ് പാഴ്‌സലായി എത്തിച്ചേരുകയാ യിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട്  സ്വദേശികളായ ആര്‍ സഞ്ജയ്, സഹോദരന്‍ ആര്‍ രാഹുല്‍ എന്നിവരെ അന്ന് എക്‌സൈസ് പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

തങ്ങളുടെ സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരും വിലാസവും ഉപയോഗിച്ച് മേഘാലയയിൽ നിന്നും കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് എത്തിച്ചതെന്ന് ഇവർ മൊഴി നൽകി. കഞ്ചാവ് പാഴ്‌സല്‍ എക്സൈസ് പിടികൂടിയെന്ന് മനസ്സിലാക്കിയതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു. നാലര മാസമായി എക്സൈസ് കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയാണ് ഒടുവിൽ കൊല്ലത്തു നിന്നും പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!