കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. സിപിഎം നേതാവും കൗണ്‍സിലറുമായ എസ് പി ദീപക് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ബിജെപിയുടെ 20 കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ നടത്തിയത് വിവാദമായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ചട്ടം ലംഘിച്ചുകൊണ്ടുള്ളതാണ് ഇവരുടെ സത്യപ്രതിജ്ഞയെന്ന് കോടതി വിലയിരുത്തി. അതിനാല്‍ സത്യപ്രതിജ്ഞ റദ്ദാക്കുകയാണെന്നും കോടതി വിധിച്ചു.
ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് എസ് പി ദീപക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി സത്യപ്രതിജ്ഞ അസാധുവാക്കുകയാണ് ചെയ്തത്. സത്യപ്രതിജ്ഞയില്‍ അസാധാരണമായ ഒന്നുമില്ലെന്നായിരുന്നു വിവാദങ്ങളോട് അന്ന് ബിജെപി പ്രതികരിച്ചിരുന്നത്.
