രാജ്യതലസ്ഥാനത്ത് കൊടുംക്രൂരത; 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരു ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ച ഉടനെ പൊലീസ് പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മണിക്കൂറുകള്‍ക്കം ക്യാബ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും പ്രതി സമ്മതിച്ചു. മെഹ്‌റോളിയിലെ വനപ്രദേശ ത്തുവച്ച് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ തെളിവ് നശിപ്പിക്കാനായി മൃതദേഹം ഫരിദബാദ് -ഗുരുഗ്രാം റോഡില്‍ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തി. മൃതദേഹം പിന്നീട് കണ്ടെത്തുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും മൃതദേഹം കണ്ടെത്തിയ ഇടത്തുനിന്നും ഫൊറന്‍സിക് സംഘം തെളിവ് ശേഖരിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ മുന്‍കാല ചരിത്രമുള്‍പ്പെടെ അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!