‘നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ എന്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്’; താരസംഘടനയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് നടി ലക്ഷ്മിപ്രിയ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നടന്ന നാടകീയ കൂട്ടരാജികൾക്ക് പിന്നാലെ നടി ലക്ഷ്മിപ്രിയയും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. ‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വികാരനിർഭരമായ സന്ദേശത്തിലൂടെയാണ് അവർ രാജി പ്രഖ്യാപിച്ചത്.

സംഘടനയിൽ നിന്ന് ലഭിക്കുന്ന പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മരണാനന്തര ആദരവുകൾ, അനുശോചനങ്ങൾ എന്നിവ ഒന്നും തന്നെ തനിക്ക് ആവശ്യമില്ലെന്ന് ലക്ഷ്‌മിപ്രിയ കുറിപ്പിൽ വ്യക്തമാക്കി. മുതിർന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിച്ചാണ് രാജിക്കത്ത് നൽകിയതെന്നും അവർ അറിയിച്ചു.

“ഞാൻ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നു. ഒരു അഭ്യർഥനയുണ്ട്, നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നത് എങ്കിൽ എൻ്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാൻ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ എനിക്ക് വേണ്ട. ഇൻഷുറൻസ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട……… എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുത്. നന്ദി’’, രാജിക്കത്തിൽ ലക്ഷ്മിപ്രിയ പറയുന്നു.

നേരത്തേ തന്നെ ‘അമ്മ’യുടെ മുൻ ഭരണസമിതിക്കെതിരെയും സംഘടനയ്ക്കുള്ളിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത വിമർശനവുമായി ലക്ഷ്മിപ്രിയ രംഗത്തെത്തിയിരുന്നു. നടി ശ്വേതാ മേനോൻ രാജിവെച്ചതിന് പിന്നാലെയാണ് താനും സംഘടന വിട്ടുപോകുന്നതായി അവർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സംഘടനയ്ക്കുള്ളിൽ ഒരു വിഭാഗം പ്രചരിപ്പിക്കുന്ന വാദങ്ങളാണ് പൊതുവെ അംഗീകരിക്കപ്പെടുന്നതെന്നും നിലവിലെ ഭരണസമിതി അനാവശ്യമായി വേട്ടയാടപ്പെടുകയാണെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് അധികാരമേറ്റ സമിതിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ കൃത്യമായി കൈവശമുണ്ടെന്നും അതിൽ യാതൊരു ക്രമക്കേടുമില്ലെന്നും ലക്ഷ്മിപ്രിയ അവകാശപ്പെട്ടു.

വാർഷിക ജനറൽ ബോഡി യോഗത്തിൽ നിലവിലെ ഭരണസമിതി സമർപ്പിച്ച കണക്കുകളെ ചോദ്യം ചെയ്ത് മുൻ ഭാരവാഹികളായ ബാബുരാജ്, സിദ്ധിഖ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മിപ്രിയയുടെ ശക്തമായ പ്രതികരണം.

റിപ്പോർട്ട് ബുക്ക് സമയബന്ധിതമായി പുറത്തിറക്കാൻ സാധിക്കാതിരുന്നതിന് കാരണം മുൻ ഭരണസമിതിയുടെ കാലത്തെ രേഖകളും കണക്കുകളും പൂർത്തിയാകാത്തതാണെന്നും അതിന്റെ ഉത്തരവാദിത്വം മുൻ നേതൃത്വത്തിനാ ണെന്നും അവർ പറഞ്ഞു.

നിലവിലെ വനിതാ നേതൃത്വത്തിലുള്ള സമിതിക്കെതിരെ ഉയർന്ന അഴിമതി, സുതാര്യതക്കുറവ് തുടങ്ങിയ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. മുൻ ഭരണസമിതിയുടെ കാലത്തെ കണക്കുകളിലും റിപ്പോർട്ടുകളിലും ഉണ്ടായിരുന്ന അപാകതകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇപ്പോഴത്തെ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ ചിലർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!