തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയ സർക്കാർ, ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് എങ്ങനെയെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഈ വിഷയത്തിൽ തനിക്കുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചും കത്ത് വഴിയും അറിയിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സുധീരൻ വ്യക്തമാക്കി.
ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച ബജറ്റ് ഭാവനാസമ്പന്നമായ നിരവധി കർമ്മപദ്ധതികൾ ഉൾക്കൊള്ളുന്നതാ ണെന്ന് സുധീരൻ പ്രശംസിച്ചു. എങ്കിലും മദ്യനയമുൾപ്പെടെ ഒന്നോ രണ്ടോ കാര്യങ്ങളിൽ വിയോജിപ്പുണ്ട്. പല സന്നദ്ധ സംഘടനകളും ഇതിനകം തന്നെ ഇതിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ജനവികാരം സർക്കാർ ഉൾക്കൊള്ളുമെന്നാണ് തന്റെ ശുഭപ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കും വി.എം. സുധീരൻ മറുപടി നൽകി. കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ സുധീരൻ ‘സർക്കാരിന്റെ കാലൻ’ ആണെന്ന രീതിയിൽ വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു.
“ഒരു എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പദപ്രയോഗങ്ങളാണ് വെള്ളാപ്പള്ളി നടത്തിയത്. കത്തയച്ചതിന് പിന്നാലെ അദ്ദേഹം പരിഭ്രാന്തനായത് പോലെയാണ് എനിക്ക് തോന്നുന്നത്.”— വി.എം. സുധീരൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനോട് തനിക്ക് യാതൊരുവിധ വ്യക്തിവിരോധവുമില്ലെന്ന് സുധീരൻ വ്യക്തമാക്കി. എന്നാൽ അദ്ദേഹത്തിന്റെ നിലപാടുകളോടും നയങ്ങളോടും ശക്തമായ വിയോജിപ്പുണ്ട്. വെള്ളാപ്പള്ളി സ്വീകരിക്കുന്ന ശൈലി അദ്ദേഹം ഇരിക്കുന്ന പദവിക്ക് ഒട്ടും ചേർന്നതല്ലെന്നും വി.എം. സുധീരൻ കടുത്ത ഭാഷയിൽ വിമർശിച്ചു.
