തുല്യനീതി ഉറപ്പാക്കണം…. നിയമസഭയിൽ വേറിട്ട ആവശ്യവുമായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ

തിരുവനന്തപുരം: കേരള നിയമസഭയിൽ പുതിയൊരു കീഴ്‌വഴക്കത്തിന് വഴിതുറക്കുന്നു. സഭയിൽ സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും അവതരിപ്പിക്കാൻ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾക്ക് അവസരം ലഭിച്ചേക്കും. തന്റെ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഡെപ്യൂട്ടി സ്പീക്കർ എന്ന പദവിയിലിരിക്കുന്ന തിനാൽ നിലവിൽ അവസരമില്ലെന്ന് ഷാനിമോൾ ചൂണ്ടിക്കാട്ടിയിരുന്നു.

ബജറ്റ് ചർച്ചയ്ക്കിടെ ഉയർന്നുവന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് അനുകൂലമായ അന്തരീക്ഷമൊരുങ്ങിയത്. മറ്റ് സഭാംഗങ്ങളെപ്പോലെ തന്നെ സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഡെപ്യൂട്ടി സ്പീക്കർക്കും സബ്മിഷനും ശ്രദ്ധ ക്ഷണിക്കലിനും അവസരമൊരുക്കണമെന്ന ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷവും ഈ ആവശ്യത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. സഭയുടെ പൊതുവികാരം കണക്കിലെടുത്ത്, ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഇത് സംബന്ധിച്ച് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ ഔദ്യോഗിക റൂളിംഗ് ഉണ്ടായേക്കും.

നിലവിലെ ചട്ടമനുസരിച്ച്, സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാറു ണ്ടെങ്കിലും ബജറ്റ് ചർച്ചയ്ക്ക് തുടക്കം കുറിച്ച് ഒറ്റത്തവണ മാത്രമാണ് ഡെപ്യൂട്ടി സ്പീക്കർ സാധാരണയായി സഭയിൽ പ്രസംഗിക്കാറുള്ളത്. എന്നാൽ തിങ്കളാഴ്ച തന്റെ ബജറ്റ് പ്രസംഗത്തിന് ശേഷമാണ് മണ്ഡലത്തിലെ വികസന വിഷയങ്ങൾ നിരന്തരം ഉന്നയിക്കാൻ തനിക്ക് അവസരം വേണമെന്ന അഭ്യർത്ഥന ഷാനിമോൾ മുന്നോട്ടുവെച്ചത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭ ഒന്നടങ്കം ഈ ആവശ്യത്തെ പിന്തുണച്ചതോടെ നിയമസഭാ ചരിത്രത്തിലെ തന്നെ അപൂർവ്വമായ ഒരു തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!