ഒഴുകിയെത്തി പ്ലാസ്റ്റിക് ടിൻ; തുറന്നപ്പോൾ നിറയെ വെള്ളി ആഭരണങ്ങൾ! അന്വേഷണം…

കൊല്ലം: പതിവുപോലെ തോട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ പ്ലാസ്റ്റിക് ടിൻ തുറന്നു നോക്കിയ തൊഴിലുറപ്പ് തൊഴിലാളികളുടെ കണ്ണ് തള്ളി. അതിനുള്ളിൽ നിറയെ വെള്ളി ആഭരണങ്ങൾ. സംഭവം പ്രദേശത്ത് കൗതുകവും ദുരൂഹതയും ഒരുപോലെ സൃഷ്ടിച്ചിരിക്കുകയാണ്.

മരുതമൺപള്ളി ക്ഷേത്രത്തിന് സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികളുടെ ശ്രദ്ധ പ്ലാസ്റ്റിക് ടിന്നിലേക്ക് തിരിഞ്ഞത്. ടിൻ തുറന്നപ്പോൾ 35 ജോടി പാദസരങ്ങൾ, രണ്ട് ജോടി കാൽത്തളകൾ, രണ്ട് ഏലസുകൾ, അഞ്ച് മൂക്കുത്തികൾ, രണ്ട് ജോടി കമ്മലുകൾ, ഒരു മോതിരം, ഒരു ഇടിവള എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ഏകദേശം 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് കണ്ടെത്തിയത്.

അപ്രതീക്ഷിതമായി ലഭിച്ച ആഭരണങ്ങൾ കണ്ട തൊഴിലാളികൾ ഉടൻ തന്നെ വാർഡ് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാർഡ് അംഗം പൂയപ്പള്ളി പൊലീസിനെ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ആഭരണങ്ങൾ ഏറ്റുവാങ്ങി അന്വേഷണം ആരംഭിച്ചു.

ടിൻ ലഭിച്ചതിനു സമീപത്തു നിന്നു തന്നെ ആഭരണശാലകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസും കണ്ടെത്തി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ത്രാസാണ് കണ്ടു കിട്ടിയത്.

ആഭരണങ്ങളും ത്രാസും തോട്ടിലൂടെ ഒഴുകിയെത്തിയതാണോ, അതോ ആരെങ്കിലും മനഃപൂർവം ഉപേക്ഷിച്ചതാണോ എന്നതാണ് ഇപ്പോൾ പൊലീസിന്റെ പ്രധാന അന്വേഷണ വിഷയം. ലഭിച്ച ആഭരണങ്ങൾ മോഷണമുതലാണോയെന്നും പരിശോധിക്കുന്നുണ്ട്.

സമീപ പ്രദേശങ്ങളിലെ സ്വർണക്കടകളിലോ വെള്ളിയാഭരണ വ്യാപാര സ്ഥാപനങ്ങളിലോ ഇത്തരം ആഭരണങ്ങളോ ത്രാസോ നഷ്ടമായിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!