പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് സമിതിയുടെ അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ട മറ്റ് മന്ത്രിമാര്‍.

ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. പദ്ധതിയെപ്പറ്റി വിശദമായി പഠിക്കാനും, പിന്മാറിയാല്‍ ഉണ്ടാകാവുന്ന നിയമവശങ്ങള്‍ അടക്കം പരിശോധിക്കാനുമാണ് ഉപസമിതിക്ക് നല്‍കിയ നിര്‍ദേശം. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പദ്ധതി തുടരണമോ എന്നതിലടക്കം പിന്നീട് തീരുമാനമെടുക്കും.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്നും, പദ്ധതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പഠിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും മന്ത്രിസഭ ഉപസമിതിയെ വെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!