മധുവിധുവിനിടെ ഭർത്താവിനൊപ്പം മദ്യപിച്ചിട്ട് ഉറങ്ങാൻ കിടന്നു; യുവ സോഫ്റ്റ്‌വെയർ എൻജിനീയർ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ

മസൂറി: ഉത്തരാഖണ്ഡിലെ മസൂറിയിൽ ഭർത്താവിനൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവ സോഫ്റ്റ്‌വെയർ എൻജിനീയറെ ഹോംസ്റ്റേ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി കിദ്വായ് നഗർ സ്വദേശിനിയും ഐ.ടി. മേഖലയിൽ ജോലി ചെയ്തുവരികയുമായ പി. രാധാ ഗായത്രി (27) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

മസൂറി-ധനോൽതി റോഡിലുള്ള ഹോംസ്റ്റേയിലെ ‘ബ്ലിസ്’ എന്ന മുറിയിലായിരുന്നു ഗായത്രിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കൽ സംഘം സ്ഥലത്തെത്തിയ പ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

പോലീസിൽ നിന്നുള്ള വിവരമനുസരിച്ച്, ഗായത്രിയും ഭർത്താവ് സൗമ്യ ശ്രീചരണും ജൂൺ 13ന് ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചിരുന്നു. ഋഷികേശ് സന്ദർശിച്ച ശേഷം ജൂൺ 14ന് രാത്രി 11.30ഓടെയാണ് ഇരുവരും മസൂറിയിലെ ഹോംസ്റ്റേയിൽ ചെക്ക്-ഇൻ ചെയ്തത്. അന്ന് രാത്രി ഇരുവരും മദ്യപിച്ചിരുന്നുവെന്നും പുലർച്ചെ 3.30ഓടെയാണ് ഉറങ്ങാൻ കിടന്നതെന്നും ശ്രീചരണിന്റെ മൊഴിയിലുണ്ട്. പിന്നീട് ഉണർന്നപ്പോൾ ഗായത്രി മുറിയുടെ തറയിൽ കിടക്കുന്നതും മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. തുടർന്ന് ഹോംസ്റ്റേ അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് യുവതി അബോധാവസ്ഥയിലാണെന്ന സന്ദേശം പോലീസിന് ലഭിച്ചത്. മസൂറി പോലീസ് സ്റ്റേഷൻ ഓഫീസർ ദേവേന്ദ്ര ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിൽ നിന്ന് രക്തക്കറകളുള്ള ബെഡ്ഷീറ്റ്, ഒഴിഞ്ഞ മദ്യക്കുപ്പികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു.

ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. നിലവിൽ ബലപ്രയോഗത്തിന്റെയോ മറ്റ് അസ്വാഭാവിക സാഹചര്യങ്ങളുടെയോ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.

2025 നവംബറിലായിരുന്നു ഗായത്രിയുടെയും ശ്രീചരണിന്റെയും വിവാഹം. ഇരുവരുടെയും കുടുംബങ്ങൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്. ഗായത്രിയുടെ മൃതദേഹം ഡെറാഡൂണിലെ കൊറോണേഷൻ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!