പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതാണ് പ്രശ്നമെന്ന് വിദ്യാഭ്യാസ മന്ത്രി; , ഇല്ലായിരുന്നെങ്കിൽ ആ രീതിയിൽ മുന്നോട്ട് പോകാമായിരുന്നുവെന്നും എൻ ഷംസുദ്ദീൻ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിവാദമായ ‘പിഎം ശ്രീ’ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയുടെ ഭാഗമാകാൻ നേരത്തെ ഒപ്പുവെച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും, ഒപ്പിട്ടില്ലായിരുന്നെങ്കിൽ കേരളത്തിന് സ്വന്തം രീതിയിൽ മുന്നോട്ട് പോകാമായിരുന്നു വെന്നും മന്ത്രി പ്രതികരിച്ചു.

വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ തന്നെ നിർണായകമായ നയപരമായ തീരുമാനമെടുക്കും. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ പദ്ധതി ചർച്ചയ്ക്ക് വന്നേക്കുമെന്നും, ഇതിലെ രാഷ്ട്രീയവും വരുംവരായ്കകളും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമെന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

ഭരണ മാറ്റത്തിന് പിന്നാലെ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ വീണ്ടും കേരളത്തിന് കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. പിഎം ശ്രീ പദ്ധതിയിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

പിഎം ശ്രീ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമാക്കില്ലെന്നും NCERT പാഠപുസ്തകങ്ങൾ തന്നെ പഠിപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. SCERT പാഠപുസ്തകങ്ങൾ പഠിപ്പിച്ചാലും മതിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇതുവഴി പിഎം ശ്രീയിൽ കേന്ദ്ര നിബന്ധനകൾ മറികടക്കാമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് പിഎം ശ്രീ പദ്ധതിയിലെ സർക്കാർ നിലപാട് പൊതുശ്രദ്ധനേടുന്നത്.

അതേസമയം, സംസ്ഥാനത്ത് ജൂൺ 19ന് നടക്കുന്ന വായനാദിനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ജൂൺ 19ന് രാവിലെ 11.30ന് കനകക്കുന്നിൽ ചടങ്ങുകൾ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി. ഇത്തവണ പൊതുസ്ഥലങ്ങളിൽ വായന സദസ് സംഘടിപ്പിക്കുമെന്നും ഷംസുദ്ദീൻ പറഞ്ഞു.

പാലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ വായന സദസ് സംഘടിപ്പിക്കും. വായനാദിനത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിനും ഊന്നൽ നൽകുമെന്നും അദേഹം വ്യക്തമാക്കി. വായനാദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ‘വായനയാണ് വികസനം’ എന്നാണ് ഈ വർഷത്തെ മുദ്രാവാക്ക്യം. വായനയ്ക്ക് ഗ്രേസ് മാർക്ക് നൽക്കുന്ന കാര്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും ഡിജിറ്റൽ ലൈബ്രറികൾ സജ്ജീവമാക്കുമെന്നും എൻ ഷംസുദ്ദീൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!