തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പ്രധാന മുന്നണികൾക്ക് സ്ഥാനാർത്ഥികളായി. വ്യാഴാഴ്ച രാത്രി നാല് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്.
ഉടുമ്പഞ്ചോലയിൽ സേനാപതി വേണുവും പീരുമേട്ടിൽ സിറിയക് തോമസും ദേവികുളത്ത് എഫ്. രാജയും ഇടുക്കിയിൽ റോയ് കെ. പൗലോസുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ. പീരുമേട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടി കളത്തിലിറങ്ങുന്നതോടെ പോരോട്ടം കനക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഇടത് മുന്നണി പ്രചാരണത്തിൽ ഒരു വള്ളപ്പാട് മുന്നിലാണ്. സി.പി.എം-സി.പി.ഐ സ്ഥാനാർത്ഥികൾ റോഡ് ഷോയും ഒരു ഘട്ടം പ്രചരണവും പൂർത്തിയാക്കി.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.കെ. ജയചന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ. സലിംകുമാർ, എ. രാജ എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും.
തൊടുപുഴയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ അവസാന ദിവസമായ 23ന് പത്രിക സമർപ്പിക്കും.
വ്യാഴം രാത്രി പ്രഖ്യാപിച്ച പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം, ഇടുക്കി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും 23നാണ് പത്രിക നൽകുക.
ഉടുമ്പഞ്ചോല, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും. ഇടുക്കി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും തിങ്കളാഴ്ചയാണ് പത്രിക നൽകുക.
