കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാ ഉദ്ഘാടനം സിപിഐഎം ബഹിഷ്‌കരിക്കും…

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് സിപിഐഎം എംഎൽഎമാർ പൂർണ്ണമായും ബഹിഷ്‌കരിക്കും. പദ്ധതിയുടെ ഉദ്ഘാടന പരിപാടികളിൽ ഇടതുപക്ഷ ജനപ്രതിനിധികൾ ആരും തന്നെ പങ്കെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എന്നാൽ, സിപിഎമ്മിന്റെ ബഹിഷ്‌കരണ തീരുമാനത്തോട് പ്രതികരിച്ച ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, വിട്ടുനിൽക്കൽ ചരിത്രപരമായ വിഡ്ഢിത്തമാകരുതെന്ന് മുന്നറിയിപ്പ് നൽകി.

യുഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയി ജനങ്ങളെ പറ്റിക്കുന്ന സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ കടുത്ത നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് ഗതാഗത മന്ത്രി സി.പി. ജോൺ പ്രതികരിച്ചത്. വിട്ടുനിൽക്കുകയാണെങ്കിൽ തനിക്ക് ഒന്നും പറയാനില്ലെന്നും ബഹിഷ്‌കരിച്ചാൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു. ഈ പദ്ധതി വെറുമൊരു സൗജന്യ വിതരണ (Freebie) പദ്ധതിയല്ലെന്ന് മന്ത്രി സി.പി. ജോൺ കൂട്ടിച്ചേർത്തു. ജനങ്ങളെ കൂടുതൽ പൊതുഗതാഗത സംവിധാനത്തിലേക്ക്, പ്രത്യേകിച്ച് ബസുകളിലേക്ക് ആകർഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി എംവിഡിയുടെ (MVD) സഹായത്തോടെ ബസുകളുടെ ഫിറ്റ്‌നസ് പരിശോധിക്കുമെന്നും കട്ടപ്പുറത്തിരിക്കുന്ന ബസുകൾ റീസ്റ്റോർ ചെയ്ത് നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി വിരമിച്ച മെക്കാനിക്കൽ എഞ്ചിനീയർമാരുടെ സേവനം പ്രയോജനപ്പെടുത്തും. ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാൻ ‘ഗ്രാമവണ്ടികളുടെ’ എണ്ണം ആയിരമായി ഉയർത്തുമെന്നും പഞ്ചായത്തുകൾ നിർദ്ദേശിക്കുന്ന റൂട്ടുകളിൽ ഇവ സർവീസ് നടത്തുമെന്നും മന്ത്രി സി.പി. ജോൺ കൂട്ടിച്ചേർത്തു. സൗജന്യ യാത്ര നാളെ ആരംഭിക്കാനിരിക്കെ ഭരണ-പ്രതിപക്ഷ പോര് ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!