ശബരിമല സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ശ്രമം… പ്രതിഭാഗം വക്കീലിനെ സർക്കാർ അഭിഭാഷകനാക്കിയതി ൽ നിഗൂഢത… പി. രാജീവ്

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ അഭിഭാഷകനായി നിയമിച്ച സംഭവം കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ്. കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിൽ നടക്കുന്നത്. ഒരു സർക്കാരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് ഇതെന്നും ഈ നടപടിയിൽ വലിയ നിഗൂഢതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിസഭയുടെ പൂർണ്ണമായ അംഗീകാരത്തോടെയാണ് ഈ വിവാദ തീരുമാനം ഉണ്ടായിരിക്കുന്നത്. കേസിൽ ആരോപണവിധേയനായ പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അവർക്ക് വേണ്ടിയാണോ ഇപ്പോൾ ഈ നിയമനം നടത്തിയിരിക്കുന്നതെന്നും പി. രാജീവ് ചോദിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്ന അഡ്വ. കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ പദവി മാത്രമുണ്ടായിരുന്ന ദേവസ്വം വകുപ്പിൽ, പ്രത്യേകമായി ‘സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ’ എന്ന പദവി സൃഷ്ടിച്ചാണ് കെ.ബി. പ്രദീപിനെ നിയമിച്ചിരിക്കുന്നത്. സർക്കാർ പുതുതായി നിയമിച്ച മൂന്ന് പ്രത്യേക സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരിൽ ഒരാളാണ് ഇദ്ദേഹം. പ്രതിഭാഗം വക്കീലിനെത്തന്നെ കേസ് നടത്തുന്നതിനായി സർക്കാർ പ്ലീഡറാക്കിയതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!