ചന്ദ്രദൗത്യങ്ങളുടെ അടുത്ത ഘട്ടമായ ആർട്ടെമിസ്-3 മിഷന്റെ ദൗത്യസംഘത്തെ നാസ പ്രഖ്യാപിച്ചു. നാസയുടെ പരിചയസമ്പന്നനായ ബഹിരാകാശ യാത്രികൻ റാൻഡി ബ്രെസ്നിക് സംഘത്തെ നയിക്കും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിച്ച് ഇറ്റാലിയൻ ബഹിരാകാശ യാത്രികൻ ലൂക്ക പാർമിറ്റാനോ മിഷൻ പൈലറ്റായി ചുമതലയേൽക്കും. നാസയുടെ ഫ്രാങ്ക് റൂബിയോയും ആൻഡ്രെ ഡഗ്ലസും മിഷൻ സ്പെഷ്യലിസ്റ്റുമാരാണ്. ഈ തവണ ദൗത്യസംഘത്തിൽ വനിതാ അംഗങ്ങളില്ലെന്നതും ശ്രദ്ധേയമാണ്.
2027-ൽ നടക്കാനിരിക്കുന്ന ദൗത്യത്തിൽ നാലംഗ സംഘം സഞ്ചരിക്കുന്ന ഒറയോൺ ബഹിരാകാശ പേടകം രണ്ട് വ്യത്യസ്ത ചാന്ദ്ര ലാൻഡറുകളുമായി ഡോക്കിംഗ് പരീക്ഷണം നടത്തും. ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുമായും സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് എച്ച്എൽഎസ് പതിപ്പുമായും ഒറയോൺ വിജയകരമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ ബ്ലൂ മൂൺ ലാൻഡർ വിക്ഷേപിക്കും. തുടർന്ന് എസ്എൽഎസ് റോക്കറ്റിന്റെ സഹായത്തോടെ നാല് ബഹിരാകാശ യാത്രികരുമായി ഒറയോൺ പേടകം ബഹിരാകാശത്തെത്തും. ബ്ലൂ മൂണുമായി ഡോക്കിംഗ് പൂർത്തിയാക്കി വേർപെട്ട ശേഷം സ്റ്റാർഷിപ്പ് എച്ച്എൽഎസുമായും സമാന പരീക്ഷണം നടത്തും.
അതേസമയം, ആർട്ടെമിസ്-4 ദൗത്യത്തിന് മുമ്പ് സ്റ്റാർഷിപ്പ് എച്ച്എൽഎസ് ലാൻഡറിന്റെ ആളില്ലാ ചന്ദ്രലാൻഡിങ് നടത്തുമെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിലെ ത്തിക്കാനുള്ള ആർട്ടെമിസ് പദ്ധതിയിലെ നിർണായക ചുവടുവയ്പ്പായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്.
