അഹമ്മദാബാദ്: രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനു പകരം തടസ്സങ്ങൾ സൃഷ്ടിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭരണപക്ഷത്തെ വിമർശിക്കുക എന്നതിലുപരി വികസന പദ്ധതികളെ തടയുന്ന ശക്തിയായി പ്രതിപക്ഷം മാറിയിരിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ പേരെടുത്തു പറയാതെ പരിഹസിച്ച മോദി, വിദേശരാജ്യങ്ങളിൽ നടക്കുന്ന ചില കൂടിക്കാഴ്ചകളെക്കുറിച്ചും ചോദ്യങ്ങളുയർത്തി. വിദേശത്ത് ആരൊക്കെയാണ് രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത്, രാജ്യവിരുദ്ധ ശക്തികൾക്ക് ആരുടെ പിന്തുണയാണ് ലഭിക്കുന്നത്, ഇന്ത്യയുടെ ശത്രുക്കൾക്കുവേണ്ടി സംസാരിക്കുന്നത് ആരൊക്കെയാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.
ഇത്തരം ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു.
നക്സലിസത്തിനും മാവോയിസത്തിനുമെതിരെ രാജ്യം വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നക്സലിസത്തിൽ നിന്നും മാവോയിസത്തിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചെങ്കിലും നക്സലുകളുടെ ആശയരീതിയിൽ ചിന്തിക്കുന്നവരിൽ നിന്നുള്ള ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
