കോട്ടയം: തൃക്കൊടിത്താനം മാമ്മൂട് ജംഗ്ഷനിൽ യുവാവിനെ ആക്രമിച്ച് തലയോട്ടിക്ക് പൊട്ടലേൽപ്പിച്ച കേസിൽ മൂന്നുപേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രൻ, രാഹുൽ, രഹിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മാമ്മൂട് ഷാപ്പിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മാറ്റിക്കൊടുക്കാൻ ജെസിബി ഡ്രൈവറായ അജിത്ത് ആവശ്യപ്പെട്ടതിനെത്തുടർന്ന് മൂന്നാം പ്രതി അജിത്തുമായി വാക്കുതർക്കത്തിലേർ പ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരാതിക്കാരന്റെ സഹോദരനായ അനീഷിനെ മൂന്നാം പ്രതി ഭീഷണിപ്പെടുത്തി.
തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ് പ്രതികളും ചേർന്ന് മാമ്മൂട് ജംഗ്ഷനിലെ ആനീസ് കിച്ചൻ എന്ന സ്ഥാപനത്തിന് മുന്നിൽവെച്ച് അനീഷിനെ ആക്രമിക്കു കയായിരുന്നു. ഒന്നും രണ്ടും പ്രതികൾ അനീഷിനെ ചീത്തവിളിക്കുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നാലും അഞ്ചും പ്രതികൾ അനീഷിനെ വലിച്ചുതാഴെയിട്ടു. തുടർന്ന് ഒന്നാം പ്രതി അരയിൽ കരുതിയിരുന്ന ഇന്റർലോക്ക് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ടി ആകൃതിയിലുള്ള ഇരുമ്പായുധം ഉപയോഗിച്ച് അനീഷിന്റെ തലയുടെ ഇടതുഭാഗത്ത് കുത്തിപ്പരിക്കേൽപ്പിച്ചു.
ആക്രമണത്തിൽ അനീഷിന്റെ തലയോട്ടിക്ക് പൊട്ടലേറ്റിരുന്നു. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ അരുൺ എം.ജെ., സബ് ഇൻസ്പെക്ടർ സുനിൽ എസ്., എ.എസ്.ഐ. ആന്റണി, പോലീസ് ഉദ്യോഗസ്ഥരായ ഷമീർ എം., ജസ്റ്റിൻ രാജ്, ഷമീർ കെ., ബിജു ഇ.ടി. എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
