തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ ഇറക്കുമതി കണ്ടെയ്നർ കപ്പലെത്തി. ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് ഇന്ന് ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു.
ചൈനയിലെ നിങ്ബോയിൽ നിന്ന് ബുക്ക് ചെയ്ത കണ്ടെയ്നർ എം.എസ്.സി സബ്രീന III കപ്പലിലാണ് വിഴിഞ്ഞത്തെത്തിയത്. തിരുവനന്തപുരത്തെ ആൾടെയർ ഗ്രൂപ്പിനുവേണ്ടി നഗരത്തിലെ സ്റ്റാർട്ടപ്പായ ബി.എസ്.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്നർ ബുക്ക് ചെയ്തത്.
പരമ്പരാഗത പ്ലൈവുഡിന് പകരം നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്നറിലുള്ളത്.ഇറക്കുമതി സൗകര്യം ആരംഭിക്കുന്നതോടെ ചരക്കുകൾ വിഴിഞ്ഞത്ത് നേരിട്ട് ഇറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി കേരളത്തിലെ വിപണികളിലെത്തിക്കാനാകും. ഇതുവഴി മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും ചരക്കുനീക്കത്തിനുള്ള സമയവും ചെലവും കുറയും.
ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വരുമാനം സംസ്ഥാനത്ത് നിലനിർത്താനും സാധിക്കുമെന്ന് പോർട്ട് അധികൃതർ അറിയിച്ചു. കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയ മേഖലകളിൽ തിരുവനന്തപുരത്തും തെക്കൻ ജില്ലകളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ സൗകര്യം വഴിയൊരുക്കും.
ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം കേരളത്തിലെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന തുറമുഖമെന്ന നിലയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
