പുല്പള്ളി(വയനാട്) : പഞ്ചഗുസ്തി രംഗത്ത് വയനാട് വീണ്ടും അഭിമാന നേട്ടം സ്വന്തമാക്കി. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച ജില്ലയിലെ ഏഴ് പെൺതാരങ്ങൾ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അനന്യ ബോബി, എലെയ്ൻ ആൻ നവീൻ, ആർ. രാജേശ്വരി, റിതുനന്ദ സുരേഷ്, ശ്രേയ, വി.എസ്. ആര്യ, സുദർശന രാജൻ എന്നിവരാണ് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
ഇതോടെ വനിതാ പഞ്ചഗുസ്തിയിൽ വയനാട് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. മേയ് 29 മുതൽ ജൂൺ 2 വരെ ഗുജറാത്തിലെ രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലാണ് താരങ്ങൾ മെഡൽ നേട്ടങ്ങളിലൂടെ ദേശീയ ടീമിലേക്ക് എത്തിയത്.
മുൻ വർഷങ്ങളിൽ വയനാട്ടിൽ നിന്നുള്ള പുരുഷ താരങ്ങൾ ദേശീയ ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും, ഒരേസമയം ഏഴ് പെൺകുട്ടികൾ ദേശീയ ടീമിൽ ഇടംനേടുന്നത് ആദ്യമായാണ്.
സബ് ജൂനിയർ 45 കിലോ വിഭാഗത്തിൽ ഒരു വെള്ളിയും ഒരു വെങ്കലവും നേടി അനന്യ ബോബി ശ്രദ്ധേയയായി. സബ് ജൂനിയർ 55 കിലോ വിഭാഗത്തിൽ ഇരുകൈകളിലുമായി സ്വർണം നേടി എലെയ്ൻ ആൻ നവീൻ തിളങ്ങി. മുൻ ഏഷ്യൻ ചാമ്പ്യനായ എലെയ്ൻ ദേശീയതലത്തിലും തന്റെ മികവ് ആവർത്തിച്ചു. സബ് ജൂനിയർ 60 കിലോ ഇടതുകൈ വിഭാഗത്തിൽ ആർ. രാജേശ്വരി വെങ്കല മെഡൽ നേടി. ജൂനിയർ 45 കിലോ വിഭാഗത്തിൽ റിതുനന്ദ സുരേഷും ജൂനിയർ 60 കിലോ വിഭാഗത്തിൽ ശ്രേയയും ഇടത്-വലത് കൈകളിലായി ഇരട്ട സ്വർണം നേടി കേരളത്തിന് അഭിമാനമായി.
യൂത്ത് വിഭാഗത്തിൽ 65 കിലോ ഇടതുകൈ വിഭാഗത്തിൽ വി.എസ്. ആര്യ സ്വർണം നേടി. ദേശീയ യൂണിവേഴ്സിറ്റി ഗെയിംസ് ചാമ്പ്യനായ ആര്യയുടെ നേട്ടം ടീമിന് കരുത്തായി. യൂത്ത് 70 കിലോ ഇടതുകൈ വിഭാഗത്തിൽ സുദർശന രാജൻ വെങ്കല മെഡൽ കരസ്ഥമാക്കി. ദേശീയ യൂണിവേഴ്സിറ്റി ഗെയിംസിൽ ചാമ്പ്യനായ സുദർശനയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഒക്ടോബർ 26 മുതൽ നവംബർ 7 വരെ ഡൽഹിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ഇപ്പോൾ ഈ താരങ്ങൾ തയ്യാറെടുക്കുന്നത്. ദേശീയ താരം നവീൻ പോൾ, ഗ്രിഗറി വൈത്തിരി, കെ.ആർ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ പുല്പള്ളി ഫിറ്റ്‌വെൽ ജിംനേഷ്യത്തിലും വൈത്തിരി ചലഞ്ച് അക്കാദമിയിലുമാണ് താരങ്ങളുടെ പരിശീലനം പുരോഗമിക്കുന്നത്.
