വടകര : കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വിവാദ സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അന്വേഷണസംഘത്തിന് മൊഴി നൽകി.
കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നൽകിയിരിക്കുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
പ്രത്യേക അന്വേഷണ സംഘം കേസെറ്റെടുത്തത് മുതൽ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. റിബേഷ് രാമകൃഷ്ണലേക്ക് സ്‌ക്രീൻഷോർട്ട് എത്തിയത് ജിതിൻ ഭാസ്‌ക്കറിലൂടെ വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പ് വഴിയാണ് എന്ന സംശയമാണ് ഇപ്പോൾ റിബേഷിന്റെ മൊഴിയിലൂടെ വ്യക്തമായിരിക്കുന്നത്.
എന്നാൽ ഈ സ്‌ക്രീൻഷോട്ടിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നിലവിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുകയാണ്.
