കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
റാപ്പർ വേടൻ പങ്കെടുത്ത പനമ്പള്ളി നഗറിലെ ‘പാട്ടും പ്രതിഷേധവും’ എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് നടപടി. പരിപാടിയുടെ സംഘാടകനായ വേടന്റെ മാനേജർ വിഗ്നേഷിനെയും കണ്ടാലറിയാവുന്ന 99 പേരെയും പ്രതികളാക്കിയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചുവെന്നാണ് കേസിന്റെ അടിസ്ഥാനമായ ആരോപണം.
ജൂലൈ 22-ന് ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് കൊച്ചിയിൽ കലാ-സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. റാപ്പർ വേടനും ഗബ്രിയും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
പ്രതിഷേധ വേദിയിൽ സംസാരിച്ച വേടൻ, നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പരാജയപ്പെട്ട വിദ്യാഭ്യാസ നയങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിൽ സ്ഥാനമില്ലെന്നും വിദ്യാർത്ഥികളുടെ പ്രതിഷേധം രാജ്യവിരുദ്ധമെന്ന രീതിയിൽ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ മോശം വിദ്യാഭ്യാസ സംവിധാനത്തിനെതിരെയും സർക്കാരിന്റെ നയങ്ങൾക്കെതിരെയുമാണ് പ്രതിഷേധിക്കുന്നതെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ഈ സാഹചര്യത്തിൽ മൗനം പാലിക്കാനാകില്ലെന്നും വേടൻ വ്യക്തമാക്കി.
തന്നെ ഉൾപ്പെടെ പ്രതിഷേധത്തിന് പിന്തുണ നൽകുന്നവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും വേടൻ വിമർശിച്ചു. സൈബർ ആക്രമണം സംഘടിത പ്രചാരണത്തിന്റെ ഭാഗമാണെന്നും ഇത്തരം അധിക്ഷേപങ്ങൾ നേരിടുന്നത് ഇപ്പോൾ സാധാരണ സംഭവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടം തുടരുമെന്നും വേടൻ പ്രതികരിച്ചു.
