ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം; നിഷേധിച്ച് ആശുപത്രി…സംഭവം കായംകുളത്ത്

ആലപ്പുഴ: ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചതിനെ തുടർന്ന് ചികിത്സാപിഴവെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി.

കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് കരുനാഗപ്പള്ളി സ്വദേശിനിയായ സ്വാതിയുടെ (25) കുടുംബം പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും ചികിത്സാപിഴവൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്കായി ജൂലൈ 17-ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ഡോക്ടർമാർ അറിയിച്ചിരുന്നുവെന്നും പിന്നീട് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചതായി അറിയിക്കുകയായിരുന്നു വെന്നും കുടുംബം പറയുന്നു. തുടർന്ന് സ്വാതിയെ പരുമലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു.

ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷമാണ് രക്തപരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടതെന്നും, ഗുരുതരാവസ്ഥയിലായിട്ടും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിൽ വൈകിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അതിനാൽ ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്.

അതേസമയം, സ്വാതിക്ക് നേരത്തേ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ചികിത്സാപിഴവെന്ന ആരോപണം ആശുപത്രി തള്ളി.

എന്നാൽ, ശസ്ത്രക്രിയയ്ക്ക് മുമ്പ് വിശദമായ ഹൃദയപരിശോധന നടത്തിയ ശേഷമാണ് ഡോക്ടർമാർ ഓപ്പറേഷനിലേക്ക് കടന്നതെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

അഞ്ച് മാസം മുമ്പാണ് സ്വാതിയുടെ വിവാഹം നടന്നത്. ഭർത്താവ് പ്രവീണിന്റെ പരാതിയിൽ കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!