ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. ഡൽഹിയിൽ ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിന് ശേഷമാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഈ നിലപാട് വ്യക്തമാക്കിയത്. പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂടാതെ, പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി കേന്ദ്രസർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്നും സഖ്യ നേതാക്കൾ വിളിക്കണമെന്നും സഖ്യ നേതാക്കൾ ആവശ്യപ്പെട്ടു.
സഖ്യത്തിന്റെ പുനരേകീകരണം ലക്ഷ്യമിട്ട് ചേർന്ന യോഗത്തിൽ 25 പാർട്ടികളാണ് പങ്കെടുത്തത്. പാർട്ടിയിൽ വിമതനീക്കം ശക്തമായിരിക്കുന്ന സാഹചര്യത്തിലും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി യോഗത്തിനെത്തി. കോൺഗ്രസിന്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിയെക്കുറിച്ചും, സിപിഐഎമ്മിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിലുള്ള എതിർപ്പും യോഗത്തിൽ ഉന്നയിക്കുമെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു. ജോൺ ബ്രിട്ടാസ് എംപിയാണ് യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ചത്. സഖ്യത്തിന്റെ പൊതുനിലപാട് എല്ലാവരും ഉയർത്തിപ്പിടിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഐ പ്രതിനിധി പി. സന്തോഷ് കുമാർ എംപി പ്രതികരിച്ചു.
അതേസമയം, തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സഖ്യത്തിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിന്നു. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം ചേർന്നത് എന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു. ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ ഇന്ത്യാ സഖ്യം യോഗം ചേരുമെന്നും, അടുത്ത യോഗം ഓഗസ്റ്റ് എട്ടിന് ഹൈദരാബാദിൽ വെച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
