പാലക്കാട് : കഞ്ചിക്കോട് ഐഐടി ക്യാമ്പസിനുള്ളിൽ വെച്ച് രാത്രിയിൽ വിദ്യാർത്ഥിനിയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് പാലക്കാട് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കും.
കേസ് നടന്ന് മാസങ്ങൾ നീണ്ട ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പോലീസിന് നിർണ്ണായക വഴിത്തിരിവ് ലഭിച്ചിരിക്കുന്നത്. പിടിയിലായ യുവാവിനെ അക്രമത്തിന് ഇരയായ പെൺകുട്ടിക്ക് മുന്നിൽ തിരിച്ചറിയൽ പരേഡിന് വിധേയനാക്കും. തിരിച്ചറിയൽ പരേഡിൽ അക്രമത്തിന് ഇരയായ യുവതി പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ യുവാവിന്റെ അറസ്‌റ്റ് രേഖപെടുത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള മറ്റു നിയമനടപടികളുമായി പോലീസ് മുന്നോട്ട് പോകും.
കഴിഞ്ഞ ഫെബ്രുവരി 23-ന് രാത്രി 8.30 ഓടെയായിരുന്നു ക്യാമ്പസിനെ നടുക്കിയ സംഭവം നടന്നത്. കഞ്ചിക്കോട് ഐഐടിയിലെ നാലാം വർഷ വിദ്യാർത്ഥിനിയും തമിഴ്‌നാട്ടിലെ സേലം സ്വദേശിനിയുമായ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റലിൽ നിന്നും ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി എത്തിയ അക്രമി പെൺകുട്ടിയെ തടഞ്ഞുനിർത്തി തലയ്ക്ക് അടിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ക്യാമ്പസിനുള്ളിലെ സുരക്ഷയെച്ചൊല്ലി വലിയ ആശങ്കകൾക്ക് കാരണമായ ഈ കേസിൽ പ്രതി ഉടൻ വലയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
