കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നതിനു പുറമെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിയമവും സംസ്ഥാനത്ത് നടപ്പാക്കിയേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സിന് മൂന്ന് മാസത്തേയ്ക്ക് അയോഗ്യത കല്‍പ്പിക്കാനാകും. എന്നാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കിയിട്ടില്ല. പിഴ ചുമത്തുന്നതിനു പുറമേയാകും 3 മാസത്തെ സസ്‌പെന്‍ഷന്‍. ചട്ടലംഘനം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കടുപ്പിക്കാനൊരുങ്ങുന്നത്.
ഹെല്‍മറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥയുണ്ട്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴയെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേരളത്തില്‍ 500 രൂപയായി കുറച്ചിരുന്നു. പിന്നിലിരിക്കുന്ന യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസന്‍സിനെയാണ് ഇത് ബാധിക്കുക.
സിസിടിവി ക്യാമറകള്‍ വഴി ഹെല്‍മെറ്റില്ലാത്ത യാത്ര കണ്ടെത്തി പിഴ ഈടാക്കുന്ന സംവിധാനം നിലവിലുണ്ട്. പിഴയടച്ചില്ലെങ്കില്‍ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ സംസ്ഥാനത്ത് വാഹന അപകടനിരക്ക് 20 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ ശക്തമാക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതു കൂടാതെ മറ്റ് ചട്ടലംഘനങ്ങള്‍ക്കു നേരെയും കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ്, മത്സരയോട്ടം, സാങ്കേതിക തകരാറുള്ള വാഹനം നിരത്തിലിറക്കുക എന്നിവയ്ക്ക് ആറു മാസത്തെ സസ്‌പെന്‍ഷനും മൂന്ന് ദിവസത്തെ ക്ലാസുമുണ്ടാകും. ആംബുലന്‍സ്, അഗ്നിശമന സേന എന്നിവയുടെ യാത്ര തടസപ്പെടുത്തിയാലും ആറ് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഒരു ദിവസത്തെ ക്ലാസിലും പങ്കെടുക്കണം. അതിവേഗം, അമിതഭാരം എന്നിവയ്ക്ക് മൂന്നുമാസത്തെ സസ്‌പെന്‍ഷന്‍ ഉണ്ടാകും. ലൈസന്‍സ് പുനഃസ്ഥാപിച്ചു കിട്ടാന്‍ പിഴയൊടുക്കുന്നതിനു പുറമെ പ്രത്യേക ക്ലാസിലും പങ്കെടുക്കണം.
