നാഗ്പുർ: പാചകവാതക വിലക്കയറ്റത്തിൽ ആശങ്കപ്പെടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി എഥനോൾ അടിസ്ഥാനമാക്കിയുള്ള പാചക സ്റ്റൗകൾ ഉടൻ വിപണിയിലെത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് കൂടുതൽ അനുയോജ്യവുമായ ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ ഊർജമേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തൽ. നാഗ്പുരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ യാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
കരിമ്പ്, ചോളം, കാർഷിക അവശിഷ്ടങ്ങൾ തുടങ്ങിയവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനമായ എഥനോൾ, പാചക ആവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. എൽപിജിയുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ മോണോക്‌സൈഡ് ഉൾപ്പെടെയുള്ള മലിനീകരണ വാതകങ്ങളുടെ പുറന്തള്ളൽ കുറവായതി നാൽ എഥനോൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന എൽപിജിയിലുള്ള ആശ്രയം കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്താനും പുതിയ പദ്ധതി സഹായകമാകുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അതോടൊപ്പം, എഥനോൾ ഉൽപ്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കൃഷി ചെയ്യുന്ന കരിമ്പ്, ചോളം കർഷകർക്ക് അധിക വരുമാനവും ലഭിക്കുമെന്നാണ് പ്രതീക്ഷ.
പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതിയിലും രാജ്യം വലിയ മുന്നേറ്റം കൈവരിച്ചതായി ഗഡ്കരി പറഞ്ഞു. 2014-ൽ 1.5 ശതമാനമായിരുന്ന എഥനോൾ മിശ്രണനിരക്ക് 2025-ഓടെ 20 ശതമാനത്തിലെത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഈ നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പാചക ഇന്ധനമായും എഥനോൾ ഉപയോഗിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അസംസ്കൃത എണ്ണ വിപണിയിലെ അനിശ്ചിതത്വങ്ങളും മൂലം പാചകവാതക വിലയിൽ സമ്മർദം തുടരുന്ന സാഹചര്യത്തിൽ, എഥനോൾ പോലുള്ള ബദൽ ഇന്ധനങ്ങൾ വിലക്കയറ്റത്തെ ചെറുക്കാൻ സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.
