ഡി കെ ശിവകുമാര്‍ മന്ത്രിസഭയില്‍ രണ്ടു മലയാളികളും; സത്യപ്രതിജ്ഞാ ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായി. മുഖ്യമന്ത്രി ഡി കെ ശിവകുമാറും 10 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭയില്‍ രണ്ട് മലയാളികളും ഇടംപിടിച്ചു. കെ ജെ ജോര്‍ജും യു ടി ഖാദറുമാണ് മന്ത്രിസഭയില്‍ ഇടംപിടിച്ച മലയാളികള്‍.

നാളെ വൈകീട്ട് 4.15 നാണ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഊര്‍ജ്ജമന്ത്രിയായിരുന്നു കെ ജെ ജോര്‍ജ്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയാണ്. ഏറെക്കാലമായി കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായ നേതാവാണ് ജോര്‍ജ്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായും അടുത്ത ബന്ധമുള്ള നേതാവു കൂടിയാണ് കെ ജെ ജോര്‍ജ്.

സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ സ്പീക്കറായിരുന്നു യു ടി ഖാദര്‍. കാസര്‍കോട് ജില്ലയിലെ ഉള്ളാല്‍ സ്വദേശിയാണ്. മംഗലൂരു നിയമസഭ മണ്ഡലത്തില്‍ നിന്നും നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ പ്രധാന വകുപ്പുകളിലൊന്നില്‍ മന്ത്രിയാകും. മുതിര്‍ന്ന നേതാക്കളായ ജി പരമേശ്വര, സതീഷ് ജാര്‍ക്കിഹോളി, എംബി പാട്ടീല്‍, പ്രിയങ്ക് ഖാര്‍ഗെ തുടങ്ങിയവരും മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്.

ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ചും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെന്നാണ് സൂചന. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ വിഡി സതീശന്‍, രേവന്ത് റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!